താനൂര്‍: മത്സ്യത്തൊഴിലാളിയായ യുവാവ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തിന് സഹായിച്ചയാളെ കാസര്‍കോട് നിന്നാണ് പിടികൂടിയത്. കൊലപാതകത്തിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിക്ക് വിദേശത്ത് നിന്നും നാട്ടിലെത്തിയതായിരുന്നു.
താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് ബുധനാഴ്ച രാത്രി 12നും ഒന്നരയ്‌ക്കുമിടയില്‍ മരിച്ചത്. സവാദിന്റെ ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്ത് പോലീസ് കസ്റ്റഡിയിലാണുള്ളത്. സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. ബുധനാഴ്ചയും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. മക്കള്‍: ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി.
ബുധനാഴ്ച രാത്രി കറണ്ട് പോയതുകാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയിരുന്നു. മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടു. കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറിവുകളുമുണ്ട്. നെറ്റിയിലെ മുറിവ് മരക്കഷണമോ ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റേതാകാമെന്ന് പോലീസ് പറഞ്ഞു.
പിന്‍വശത്തെ വാതില്‍ വഴിയാകാം കൊലയാളി അകത്തുവന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്ക് നീണ്ടത്.
















