റാന്നി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ റാന്നിയില്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍.
കോടതി വിധിപ്പകര്‍പ്പ് കയ്യില്‍കിട്ടുന്നതിന് മുന്‍പ്തന്നെ ഒരിക്കലുമില്ലാത്തെ ശുഷ്‌കാന്തിയോടെ ആചാരം നശിപ്പിക്കാന്‍ ശബരിമലയില്‍ കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തിടുക്കം വര്‍ഷങ്ങളായി ശബരിമലയ്‌ക്കെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണ്. ഹിന്ദുവിന്റെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുനല്‍കാത്തവര്‍ ആവശ്യപ്പെടാത്ത അവകാശങ്ങളുമായി വരേണ്ടന്നും വിശ്വാസിയായ ഒരു സ്ത്രീപോലും ആചാരം ലംഘിച്ചു മലചവിട്ടാന്‍ പോവില്ലെന്നും ടീച്ചര്‍പറഞ്ഞു.
അയ്യപ്പസേവാസമാജം ദേശീയ വര്‍ക്കിങ് പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. റാന്നി ഭഗവതികുന്നു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്തു. റാന്നി ഹിന്ദുധര്‍മ്മ പരിഷത് ഓര്‍ഗനൈസിംഗ് സെക്രട്ടറി രാജേഷ് ആനമാടം അധ്യക്ഷനായി. അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, വിഭാഗ് സംഘടനാ സെക്രട്ടറി എന്‍.ജി. രവീന്ദ്രന്‍, ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി കുറുപ്പ്, വിശ്വബ്രാഹ്മണസമൂഹം സംസ്ഥാന സംഘടനാ സെക്രട്ടറി ജയശ്രീ, എന്‍എസ്എസ് റാന്നി താലൂക്ക് വനിതായൂണിയന്‍ പ്രസിഡന്റ് ആനന്ദാമ്മ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
















