കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കൊച്ചിയിലെ ആദ്യ പോരാട്ടം നാളെ. രണ്ട് തവണ കിരീടം നേടിയ എടികെയെ ഉദ്ഘാടന മത്സരത്തില്‍ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നാളെ ആരാധകര്‍ക്ക് മുന്നില്‍ പന്തു തട്ടാനിറങ്ങുന്നത്. മുംബൈ സിറ്റി എഫ്‌സിയാണ് ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
ആദ്യ കളിയില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് തോറ്റാണ് മുംബൈ സിറ്റി കൊച്ചിയിലെത്തുന്നത്. ഇരുടീമുകളും ഇതുവരെ കളിച്ച എട്ട് കളികളില്‍ രണ്ടെണ്ണത്തില്‍ വീതം ബ്ലാസ്‌റ്റേഴ്‌സും മുംബൈയും ജയിച്ചു. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 1-1ന് സമനില പാലിച്ചപ്പോള്‍ മുംബൈയില്‍ നടന്ന എവേ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ വിജയം നേടി.
തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് നാളെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുക . ആദ്യ മത്സരത്തില്‍ എടികെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. മധ്യ-മുന്നേറ്റ നിര മികച്ച ഒത്തിണക്കം കാട്ടിയത് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. മുന്നേറ്റനിരയില്‍ സെര്‍ബിയന്‍-സ്ലൊവേനിയന്‍ താരങ്ങളായ സ്‌റ്റൊയനോവിച്ചും പോപ്ലാട്‌നിക്കുമായിരിക്കും എതിരാളികളുടെ നോട്ടപ്പുള്ളികള്‍. കഴിഞ്ഞ കളിയില്‍ ഇരുവരും ഗോളടിച്ച് മികച്ച ഫോമിലായിരുന്നു. എങ്കിലും ലൈനപ്പില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊച്ചിയിലാണ് കളിയെന്നതുകൊണ്ട് സി.കെ. വിനീതിനെ ആദ്യ ഇലവനില്‍ ഇറക്കാനാണ് സാധ്യത. ബ്ലാസ്‌റ്റേഴ്‌സ് ടീം ഇന്ന് രാവിലെ പനമ്പിള്ളി നഗര്‍ മൈതാനത്ത് പരിശീലനത്തിനിറങ്ങും.
















