കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ വിശദമായ കുറ്റപത്രം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെയും ബിഷപ്പ് കുറ്റസമ്മതം നടത്തിയിട്ടില്ല. തെളിവുകള്‍ ഓരോന്നായി നിരത്തി ഫ്രാങ്കോയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്നും, ഇത് സഭയ്‌ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നമാണെന്നുമായിരുന്നു ബിഷപ്പിന്റെ മറുപടി. സഭയ്‌ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭയ്‌ക്കു ചട്ടം ഉണ്ടെന്ന വാദം, ഉയര്‍ത്തി ചോദ്യം ചെയ്യല്‍ വേളയില്‍ നിയമ വ്യവസ്ഥയെ പോലും ഫ്രാങ്കോ വെല്ലുവിളിച്ചുവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
കേസ് അന്വേഷണ വേളയില്‍ കന്യാസ്ത്രീക്കെതിരെ വധഭീഷണിവരെ ഉണ്ടായ സാഹചര്യത്തില്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല. അതിനാല്‍ കൂടുതല്‍ തെൡുകള്‍ ശേഖരിച്ച് കുറ്റപത്രം ശക്തമാക്കും.
അഞ്ചു കന്യാസ്ത്രീകളുടെയും രഹസ്യമൊഴിയെടുക്കും. ഇതിന് വേണ്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസിനൊപ്പം മറ്റ് മൂന്ന് കേസുകളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജെയിംസ് എര്‍ത്തയിലിനും, ഇരയുടെ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനും (എംജെ), കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ച കേസിലും അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഈ മൂന്ന് അന്വേഷണങ്ങളും എത്തുന്നത് ഫ്രാങ്കോയിലേക്കാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
സ്വന്തം ലേഖകന്‍
















