ടൂറിന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ ലീഗില്‍ കരുത്തരായ എസി മിലാന് വിജയവഴിയില്‍ തിരിച്ചെത്തി. സമനിലയില്‍ കുടുങ്ങി നട്ടംതിരിയുകയായിരുന്ന മിലാന് ആറാം മത്സരത്തിലാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈ സീസണിലെ രണ്ടാം വിജയം. തുടര്‍ച്ചയായ മൂന്ന് സമനിലകള്ക്കുശേഷമായിരുന്നു മിലാന്റെ ജയം. ഞായറാഴ്ച രാത്രി സാസ്സുലോയെയാണ് മിലാന് വീഴ്ത്തിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. ജയത്തോടെ ആറ് കളികളില്‍ നിന്ന് 9 പോയിന്റുമായി മിലാന് പത്താം സ്ഥാനത്തേക്കുയര്‍ന്നു.
പന്തടക്കത്തില്‍ മുന്നിട്ടുനിന്നത് സാസ്സുലോയായിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് എസി മിലാനായിരുന്നു. തുടക്കം മുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച മിലാന് 39-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ മുന്നിലെത്തി. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് 50-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് സെയ്സിലൂടെ ലീഡ് ഉയര്‍ത്തി. പത്ത് മിനിറ്റിനുശേഷം കാസിലോ അസുഗയിലൂടെ ഗോള്‍നേട്ടം മൂന്നാക്കി. 69-ാം മിനിറ്റില്‍ ഡുറുസിച്ചിലൂടെ സാസ്സുലോ ഒരു ഗോള്‍ മടക്കിയെങ്കിലും കളിയുടെ പരിക്കുസമയത്ത് ഫെര്‍ണാണ്ടസ് നാലാം ഗോളും നേടിയതോടെ വിജയം മിലാന് സ്വന്തമായി.
മറ്റ് മത്സരങ്ങളില്‍ ബൊലോഗ്ന 2-1ന് ഉദിനെസെയെയും ടോറിനോ 1-0ന് ചീവോയെയും ഫിയോറന്റീന 2-0ന് അറ്റ്ലാന്റയെയും പാര്‍മ 1-0ന് എംപോളിയെയും ഗനോവ 2-1ന് ഫ്രോസിനോനെയെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: