ദുബായ്: ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിങ്ങില്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ കുതിപ്പ്.
റാങ്കിങ്ങിലെ ആദ്യ അഞ്ച് ഏകദിന ബാറ്റ്സ്മാന്മാരില് മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടം കണ്ടെത്തിയത്. കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശിഖര്‍ ധവാന് അഞ്ചാം സ്ഥാനം സ്വന്തമാക്കി.
ഏഷ്യകപ്പില് കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രോഹിത്തും ഓപ്പണര്‍ ധവാനും ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളടക്കം 342 റണ്‍സ് അടിച്ചുക്കൂട്ടി ധവാന് ടോപ്പ് സ്കോററായപ്പോള്‍ തൊട്ടു പിന്നാലെ 317 റണ്‍സുമായി രോഹിത് രണ്ടാമനായി. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമടക്കം 105.66 ശരാശരിയിലായിരുന്നു ഏഷ്യകപ്പിലെ രോഹിത്തിന്റെ റണ്‍വേട്ട.
ബോളര്‍മാരില്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറു മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് പിഴുത കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ കയറി മൂന്നാം സ്ഥാനത്തെത്തി. കുല്‍ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത അഫ്ഗാന്റെ റാഷിദ് ഖാനാണ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമന്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ കയറി റാഷിദ് ഒന്നാമതാകുകയും ചെയ്തു.
രവീന്ദ്ര ജഡേജ(39-ാം സ്ഥാനം), ചാഹല്‍(11), ഭുവനേശ്വര്‍ കുമാര്‍(23), അക്സര്‍ പട്ടേല്‍(24) എന്നിവരാണ് ആദ്യ 25 റാങ്കുകളില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: