തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജിയറ്റ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ വനിതാ വിഭാഗത്തില്‍ 69 പോയിന്റോടെ തൃശൂര്‍ സെന്റ് മേരീസ് കോളേജും പുരുഷ വിഭാഗത്തില്‍ 59 പോയിന്റോടെ തൃശൂര്‍ സെന്റ് തോമസ് കോളേജും മുന്നിട്ടുനില്‍ക്കുന്നു.
26 പോയിന്റുമായി ആതിഥേയരായ വിമല കോളേജാണ് വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ആറു പോയിന്റുള്ള ചിറ്റൂര്‍ ഗവ.കോളേജ്. വ്യക്തിഗത ഇനത്തില്‍ സെന്റ് മേരീസിലെ ധന്യ കെ.ജോബ് നാല് ഒന്നാം സ്ഥാനം നേടി . സെന്റ് മേരീസിലെ തന്നെ ആര്.ദീപയ്ക്ക് രണ്ടു ഒന്നാം സ്ഥാനമുണ്ട്. രണ്ടു റിലേകളില്‍ ധന്യയും ദീപയും ഉള്‍പ്പെട്ട സെന്റ് മേരീസ് ടീമിനാണ് ഒന്നാം സ്ഥാനം.
പുരുഷ വിഭാഗത്തില്‍ 53 പോയിന്റുമായി തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു പോയിന്റുള്ള ചിറ്റൂര്‍ ഗവ.കോളേജ് മൂന്നാം സ്ഥാനത്തും. വ്യക്തിഗത ഇനത്തില്‍ സെന്റ് തോമസിലെ വി.എം. കിരണ്‍ മൂന്ന് ഒന്നാം സ്ഥാനം നേടി .
കേരളവര്‍മ്മയിലെ എ.ജെ. രോഹിത് രണ്ട് ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി ചാമ്പ്യന്‍ഷിപ്പില്‍ മികവ് പുലര്‍ത്തി. രോഹിതും കിരണും ഉള്‍പ്പെട്ട ടീമുകള്‍ക്കാണ് റിലേകളില്‍ ഒന്നാം സ്ഥാനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള നിരവധി കോളേജുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ന് വൈകീട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: