ശ്രീനഗർ: പാക്കിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പങ്കാളിയായ സൈനികൻ തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ജമ്മുകശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റാണ് ധീരസൈനികൻ ലാൻസ് നായിക് സന്ദീപ് സിങ് വീരമൃത്യു വരിച്ചത്. രണ്ട് വർഷം മുൻപ് 2016ൽ പാക്കിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ സന്ദീപ് സിങ് പങ്കെടുത്തിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് സന്ദീപിന്റെ നേതൃത്വത്തിലുള്ള പാരാ കമാൻഡോകൾ തഖ്ദാർ സെക്ടറിൽ പരിശോധന തിങ്കളാഴ്ച നടത്തുകയായിരുന്നു. തിരച്ചിലിനിടയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ സന്ദീപ് സിങിന് ഒന്നിലധികം വെടിയേറ്റു. വെടിയേറ്റിട്ടും തീവ്രവാദികൾക്കെതിരെ സന്ദീപ് പ്രത്യാക്രമണം നടത്തി. സന്ദീപിന്റെ തലയ്‌ക്കാണ് വെടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
തിങ്കളാഴ്ച സൈന്യം നടത്തിയ തിരച്ചിലിൽ മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഗുരുദാസ്പൂരിൽ സന്ദീപ് സിങിന്റെ മൃതദേഹം സംസ്കരിക്കും. സന്ദീപിന് ഭാര്യയും അഞ്ച് വയസുകാരനായ മകനുമുണ്ട്.
















