തിരുവനന്തപുരം: മണ്‍മറഞ്ഞു പോയ അച്ഛനു വേണ്ടി, ജീവിച്ചിരിക്കുന്ന താന്‍ രാഷ്‌ട്രീയ ഭാവി എന്തിന് തുലയ്‌ക്കണം എന്ന പ്രാക്റ്റിക്കല്‍ പൊളിറ്റിക്‌സിന്റെ വഴിയില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചാരക്കേസില്‍ കെ. കരുണാകരനെ ചതിച്ചത് മുന്‍ പ്രധാനമന്ത്രി നരസിംഹറാവു മാത്രം എന്ന പ്രസ്താവനയുമായി മുരളീധരന്‍ രംഗത്ത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചാരക്കേസില്‍ കരുണാകരനെ ചതിച്ചിട്ടില്ല എന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.
കരുണാകരന്‍ എന്ന രാഷ്‌ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂര്‍ണമായി വിധേയത്വം പുലര്‍ത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയില്‍, ബാബറി മസ്ജിദ് തകര്‍ന്നത് ജനങ്ങളുടെ മനസ്സില്‍ മുറിവുണ്ടാക്കി എന്ന കരുണാകരന്റെ പരാമര്‍ശമാണ് നരസിംഹറാവുവിന് തന്റെ അച്ഛനോട് അകല്‍ച്ചയുണ്ടാക്കിയതെന്നാണ് മുരളീധരന്റെ വാദം. കരുണാകരന് കേന്ദ്രത്തില്‍ ഉചിതമായ സ്ഥാനം നല്‍കാമെന്നു പറഞ്ഞ് രാജിവയ്‌പ്പിച്ച ചതിക്കുപിന്നില്‍ റാവു മാത്രമാണെന്നതാണ് മുരളിയുടെ കണ്ടെത്തല്‍.
കരുണാകരന്റെ രാജിക്ക് പിന്നിലെ തനിക്കറിയാവുന്ന ചതി നരസിംഹറാവുവിന്റേതു മാത്രമാണ് എന്നാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍. നരസിംഹറാവു എന്നെ ചതിച്ചു എന്നുമാത്രമാണ് കെ. കരുണാകരന്‍ തന്നോടു പറഞ്ഞിട്ടുള്ളതെന്നും അതിനപ്പുറം ഈ കേസില്‍ തനിക്കൊന്നുമറിയില്ലെന്നും ചാരക്കേസുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണത്തിനുമില്ലെന്നുമാണ് മുരളീധരന്റെ നിലപാട്.
കരുണാകരനെ ചതിച്ച ഉമ്മന്‍ചാണ്ടിയാണ് മുരളീധരന്റെ ഇന്നത്തെ പിടിവള്ളിയെന്നത് വിരോധാഭാസം. രമേശ് ചെന്നിത്തലയുമായി പൊരുത്തപ്പെടാനാവാത്ത മുരളീധരന് ഇനി കേരള രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ കനിയണം.
സി. രാജ
















