വെംബ്ലി: യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ വിജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ അവര്‍ ലോകകപ്പ്് സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 2007 നവംബറിനുശേഷം വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്.
തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന സ്‌പെയിന്‍ ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചെടുത്തത്് പതിനൊന്നാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
ഗോള്‍ മടക്കാനായി തകര്‍ത്തുകളിച്ച സ്‌പെയിന്‍ രണ്ട് മിനിറ്റുകള്‍ക്കുശേഷം ലക്ഷ്യം കണ്ടു. നൈജസാണ് ഇംഗ്ലീഷ് ഗോളിയെ കീഴ്‌പ്പെടുത്തിയത്. ഒന്നാം പകുതിയവസാനിക്കും മുമ്പ് സ്‌പെയിന്‍ വീണ്ടും ഇംഗ്ലണ്ടിന്റെ വല കുലുക്കി. 32-ാം മിനിറ്റില്‍ റോഡ്രിഗോ മൊറേനൊയാണ് സ്‌കോര്‍ ചെയ്തത്.
രണ്ടാം പകുതിയുടെ അധികസമയത്ത് ഇംഗ്ലണ്ടിന്റെ വെല്‍ബെക്ക് ഗോള്‍ നേടിയെങ്കിലും റഫറി അനുവദിച്ചില്ല.ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടിന് അവസരത്തിനൊത്തുയരാനായില്ല. അതേ സമയം ലോകകപ്പിന്റെ ആദ്യ റൗണ്ടുകളില്‍ പുറത്തായ സ്‌പെയിന്‍ തകര്‍ത്തുകളിച്ചു.
















