വ്യക്തമായ ചോദ്യമാണു ഹൈക്കോടതിയുടേത്. പ്രളയ ദുരിതാശ്വാസത്തിനായി പല വഴികളിലൂടെ ഒഴുകിയെത്തുന്ന തുകയെല്ലാം ഒരു പ്രത്യേക നിധിയാക്കി മാറ്റിക്കൂടെ? സുതാര്യതയുള്ള നിധിയായി അതിനെ മാറ്റുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. പരസ്പരവിശ്വാസത്തിന്റെ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനുമാകും. ദുരഭിമാനവും രാഷ്ട്രീയ അഭിപ്രായവ്യത്യാസവും മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ അത് അങ്ങനെ തന്നെയല്ലേ വേണ്ടത്? സുതാര്യത എല്ലാക്കാര്യത്തിലും നല്ലതാണല്ലോ. ആരോപണങ്ങളും പരാതികളും ജീവിതത്തിന്റെ ഭാഗമാണ്. അത് ഉണ്ടാകുന്നതു സംശയങ്ങളില്‍ നിന്ന് ആണുതാനും. സംശയദൂരീകരണം സുതാര്യതയിലൂടെയേ സാധിക്കൂ. ആരോപണങ്ങള്‍ വരും പോകും എന്നതു നാട്ടുനടപ്പായിരുന്ന കാലത്തിനു മാറ്റം വന്നു. അറിയാനുള്ള അവകാശം ഉപയോഗിക്കാന്‍ ജനം പഠിച്ചു കഴിഞ്ഞു.
ദുരന്തത്തെ ഒറ്റക്കെട്ടായി നിന്ന് നേരിട്ട ജനതയാണ് ഇന്നു കേരളത്തിലുള്ളത്. പിഴവിന്റെ കാരണം ചികയുന്നതിനു മുന്‍പുതന്നെ സഹജീവികളുടെ രക്ഷയ്ക്ക് ഇറങ്ങിയവര്‍ കഴിഞ്ഞനാളുകളില്‍ രചിച്ചത് ചരിത്രമാണ്. ഈ പ്രളയം നമുക്കു ചരിത്രപരമായിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തവും ചരിത്രപരം തന്നെ. ആവശ്യ സമയത്ത് ഭരണസംവിധാനത്തിനൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായെങ്കില്‍ അവരുടെ വിശ്വാസത്തിനൊപ്പം നില്‍ക്കാനുള്ള ബാധ്യത ഭരണ സംവിധാനത്തിനുമുണ്ട്. ഭരണകക്ഷിയുടെ കൊടിയുടെ നിറം അവിടെ വിഷയമല്ല.
ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും കണക്കില്‍ പണത്തിന് മാത്രമല്ല സ്ഥാനം. അധ്വാനിച്ചവരുടെ വിയര്‍പ്പിന്റെയും സഹനത്തിന്റെയും കണക്കു കൂടിയുണ്ട്. അതുകൊണ്ടുതന്നെ ദുരിതാശ്വാസ നിധിയിലേയ്ക്കു വരുന്നതും പോകുന്നതുമായ ഓരോ രൂപയുടെയും കണക്ക് അറിയാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അതിലേയ്ക്കാണു ഹൈക്കോടതി വിരല്‍ചൂണ്ടിയത്.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഇന്നു കേരളത്തിലേക്ക് വരുന്ന സഹായങ്ങള്‍ കോടികളുടെ കണക്കിലാണ്. നിത്യോപയോഗ സാധനങ്ങള്‍, മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ വേറെ. പലതും അര്‍ഹതപ്പെട്ട കൈകളില്‍ എത്തുന്നില്ലെന്ന പരാതി ഇപ്പോഴേ വന്നുതുടങ്ങി. പറഞ്ഞു കേള്‍ക്കാറുള്ള വകമാറ്റല്‍, പണമായി മാത്രമല്ല സാധനങ്ങളായും നടക്കുന്നുണ്ടെന്ന് അര്‍ഥം. ആരു ചെയ്താലും ദുരിതത്തിന്റെ പേരിലെ മുതലെടുപ്പായേ അതിനെ കാണാനൊക്കൂ. ജനവഞ്ചനയാണത്. അത്തരം കാര്യങ്ങള്‍ പറയാനുള്ള സമയമിതല്ല എന്ന മറുവാക്കുകൊണ്ട് അതിനെ നേരിടാനാവില്ല. വാങ്ങുന്നവരും ചെലവാക്കുന്നവരും അനുഭവിക്കുന്നവരും ഇതിനെല്ലാം പുറത്തുള്ള പൊതുജനവും അറിയണം ഓരോ പൈസയുടേയും വരവും പോക്കും.
സുനാമി, ഓഖി ദുരന്തങ്ങളുടെ ചരിത്രം ജനങ്ങളുടെ ഓര്‍മയിലുണ്ട്. കിട്ടിയ ഫണ്ട് പലതും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പലതും വകമാറ്റി ചെലവഴിച്ചെന്നുമുള്ള ആരോപണങ്ങള്‍ നിലനില്ക്കുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു പോലും ആ ഫണ്ട് ഉപയോഗിച്ചതായി പരാതിയുണ്ട്. സുനാമിയുടെ കാറ്റുപോലും അടിക്കാത്തിടത്തു സുനാമി ഫണ്ട് കൊണ്ട് സ്റ്റേഡിയം പണിതെന്ന ആരോപണവും നിലനില്ക്കുന്നു. എന്നിട്ടും ആരും ഒന്നും മിണ്ടുന്നില്ല. എന്തും നിഷേധിക്കാന്‍ എളുപ്പമാണ്. പക്ഷേ, ജനത്തെ വിശ്വാസത്തിലെടുക്കാന്‍ അത്രതന്നെ എളുപ്പമല്ല. അറിയാനുള്ള അവകാശത്തേക്കുറിച്ച് ഇന്നു ജനം ബോധവാന്മാരും ബോധവതികളുമാണ്. അത് സര്‍ക്കാരിന്റെയും പൊതു പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തം വര്‍ധിപ്പിക്കും. ജാഗ്രത, കൃത്യത എന്നിവ അവരുടെ ദൈനംദിന ജീവത പരിപാടിയില്‍ ഉള്‍പ്പെടുത്തിയേ പറ്റൂ. അച്ചടക്കത്തിന്റെ വാള്‍കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ഒതുക്കി നിര്‍ത്താന്‍ കഴിയുമായിരിക്കാം. പക്ഷേ, സാധാരണ ജനത്തിന് പാര്‍ട്ടി അച്ചടക്കം ബാധകമല്ലല്ലോ. അവര്‍ ഏതു നേതാവിന്റെയും പ്രവര്‍ത്തനം സുതാര്യമാവണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ കുറ്റം പറയാനാവില്ല. കോടതി ചോദിച്ചതു കേരളത്തിലെ ജനങ്ങളുടെ ചോദ്യമാണ്. സുതാര്യമാവേണ്ടേ കാര്യങ്ങള്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: