കൊച്ചി: പ്രളയദുരന്തത്തില്‍ ബിജെപിക്കെതിരെ വിഷം തുപ്പുന്ന ചര്‍ച്ചകള്‍ ശ്രോതാക്കള്‍ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായിലെ ഗോള്‍ഡ് എഫ്എം.
പ്രളയക്കെടുതികളല്ല പ്രശ്‌നം. ബിജെപി ‘കള്ള നാണയമാണെന്ന തിരിച്ചറിവ്’ കേരളീയര്‍ക്കുണ്ടാവണമെന്നാണ് എഫ്എമ്മിലൂടെ പ്രളയത്തെക്കുറിച്ച് ‘താത്ത്വിക’ ചര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തിന്റെ ആഹ്വാനം. ഇതിനു പറയുന്ന കാരണമാകട്ടെ ദുബായ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കേന്ദ്രം നിരസിച്ചുവെന്നതും.
കേരളത്തില്‍ ബിജെപിയുടെ ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും എംഎല്‍എ ഒ. രാജഗോപാലായിരിക്കുമെന്ന വിലയിരുത്തലോടെയാണ് ചര്‍ച്ച മുറുകുന്നത്. കേരള സര്‍ക്കാരും ദുരിത ബാധിതരായ ജനങ്ങളും കഷ്ടപ്പെട്ടാലും പ്രശ്‌നമില്ല, ധനസഹായം സ്വീകരിക്കരുതെന്നാണ് ബിജെപിയുടെ നിലപാടെന്നാണ് കണ്ടെത്തല്‍. കേന്ദ്രത്തെ പിന്തുണയ്‌ക്കുന്നവര്‍ മലയാളിയാണെന്നു പറയരുതെന്ന ഉപദേശവും നല്‍കുന്നുണ്ട്. ദുബായ് സര്‍ക്കാരിന്റെ സഹായം വേണ്ടെന്നതിനെ പിന്തുണയ്‌ക്കുന്ന, ദുബായ്‌യില്‍ ജോലി ചെയ്യുന്ന മലയാളികളോട് അതു മതിയാക്കി പൊയ്‌ക്കോളാനും നിര്‍ദേശിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് എഫ്എമ്മിന്റെ പേജിലേക്ക് കമന്റിടുന്നവരെ അര്‍ണാബ് ഗോസ്വാമിയുടെ അനുയായികളെന്നാണ് വിശേഷിപ്പിക്കുന്നത്. പൊന്നു കൊണ്ടു മൂടുമെന്നും പറഞ്ഞാലും ബിജെപിക്കൊപ്പം നില്‍ക്കരുതെന്ന അപേക്ഷയാണ് ചര്‍ച്ചയ്‌ക്കൊടുവില്‍ ഇവര്‍ ആവര്‍ത്തിച്ചു പറയുന്നത്.
















