കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ക്കിടെ സംസ്‌കരിച്ചത് മൂന്ന് ലക്ഷത്തിലേറെ പക്ഷി മൃഗാദികളെ. പ്രളയം പ്രതിസന്ധി തീര്‍ത്ത ആറ് ജില്ലകളിലായി 3,04,251 ജീവികളെ ഇതുവരെ സംസ്‌കരിച്ചു. ഇവയില്‍ ഏറേയും പക്ഷികളാണ്.
തദ്ദേശവകുപ്പാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ കണക്ക് പുറത്തുവിട്ടത്. അനൗദ്യോഗിക കണക്കു പ്രകാരം ഇത് നാല് ലക്ഷത്തിലേക്ക് എത്തുമെന്നും, സംസ്ഥാനത്താകെ ഇതിന്റെ എണ്ണം ഇരട്ടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.
പശു, പോത്ത്, എരുമ, പന്നി എന്നിങ്ങനെ 2,242 വലിയ മൃഗങ്ങളേയും, നായ, പൂച്ച, എലി അടക്കമുള്ള 2,150 ചെറിയ മൃഗങ്ങളേയും, 2,99859 പക്ഷികളേയുമാണ് ഇതുവരെ സംസ്‌കരിച്ചത്. കോഴി, താറാവ് ഫാമുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയതാണ് പക്ഷികളുടെ എണ്ണം ഇത്ര കൂടാന്‍ കാരണമായത്.
ഏറ്റവും കൂടുതല്‍ ജന്തുക്കള്‍ക്ക് ജീവന്‍ നഷ്ടമായത് തൃശൂര്‍ ജില്ലയിലാണ്. ഇവിടെ 1,60,123 പക്ഷികളേയും 1966 മൃഗങ്ങളേയും സംസ്‌കരിച്ചു. വെള്ളപ്പൊക്കത്തില്‍ ചത്ത മൃഗങ്ങളുടെ ശരീരം ശാസ്ത്രീയമായി മറവ് ചെയ്യണം എന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
















