വെള്ളമിറങ്ങി വീടുകളില്‍ തിരികെ ചെല്ലുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍
– ഒറ്റക്ക് മടങ്ങരുത്. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ കഴിയും
– ആദ്യമായി വീട്ടിലേക്ക് കുട്ടികളെ കൂട്ടരുത്, പേടിപ്പെടുത്തുന്ന കാഴ്ചകള്‍ ഉണ്ടാകാം.
– രാത്രിയില്‍ ചെല്ലരുത്. പാമ്പു മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും.
– ചെളി മൂടിയിട്ടുണ്ടാകും. തെന്നി വീഴരുത്. ഗേറ്റുണ്ടെങ്കില്‍ തള്ളിത്തുറക്കരുത്, കുതിര്‍ന്ന മതില്‍ ഇടിയാം.
– സുരക്ഷക്ക് മാസ്‌ക് ഉപയോഗിക്കണം, മൂക്കിന് മേല്‍ തോര്‍ത്തെങ്കിലും കെട്ടണം. കൈയുറ ഗുണംചെയ്യും.
– വീട്ടുപരിസരത്ത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ ജഡം കണ്ടേക്കാം. തൊടരുത്. മനുഷ്യജഡമെങ്കില്‍ പോലീസിനെ അറിയിക്കണം.
– വീട്ടില്‍ കയറും മുന്‍പ് ഭിത്തിയില്‍ വെള്ളം എത്രകയറിയെന്ന് അടയാളപ്പെടുത്തുക. ചരിത്രം അടുത്ത തലമുറയ്‌ക്ക് കിട്ടും.
– ചുമരുകളും മേല്‍ക്കൂരയും ശക്തമോ എന്ന് ശ്രദ്ധിക്കുക.
– ജനാലകള്‍ പുറത്തുനിന്ന് തുറക്കാമെങ്കില്‍ കുറച്ചു സമയം തുറന്നിടുക.
– വീടിനകത്തും പുറത്തും ഇഴജന്തുക്കളുണ്ടാകാം.
– അകത്ത് കടക്കുംമുമ്പ് വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കണം.
– പൈപ്പ് വഴിയാണ് ഗ്യാസെങ്കില്‍, ഗ്യാസിന്റെ സിലിണ്ടര്‍ വെളിയിലാണെങ്കില്‍ ഓഫ് ചെയ്യണം.
– വാതില്‍ ബലം പ്രയോഗിച്ചു തുറക്കുമ്പോള്‍ സൂക്ഷിക്കണം.
– ഗ്യാസ് ചോര്‍ച്ച (അസ്വാഭാവിക ഗന്ധം) തോന്നിയാല്‍ വാതില്‍ തുറന്ന് കുറെ കഴിഞ്ഞ് കയറിയാല്‍ മതി.
– വെള്ളത്തിലൊഴുകിയ വസ്തുക്കള്‍ ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് തലയില്‍ വീഴാതെ നോക്കണം.
– വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്.
– എല്ലാ ഇലകട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് ഊരുക.
– ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നെങ്കില്‍ അഴുകി മീഥേന്‍ ഗ്യാസ് ഉണ്ടാകാം. തുറക്കുമ്പോള്‍ ഗ്യാസ് ശക്തമായി പുറത്തേക്ക് വരാം.
– വീട്ടില്‍ ഫഌഷും വെള്ളപ്പൈപ്പും നോക്കുക, കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.
– വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.
(ഐക്യരാഷ്‌ട്ര സമിതിയുടെ പ്രകൃതി ദുരന്ത അപകട ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ അഭിപ്രായങ്ങളില്‍നിന്ന്)
















