ഇടുക്കി: ഒരുമണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കി പരീക്ഷണാര്‍ത്ഥം തുറന്ന ഇടുക്കിയിലെ ഷട്ടറുകള്‍ അടയ്‌ക്കാന്‍ സാധിക്കാതെ വന്നതോടെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
24 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കി തുറക്കുമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് അറിയിച്ചിരുന്നതെങ്കിലും അതിവേഗത്തിലെടുത്ത തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
പലരും ജോലിക്ക് അടക്കം പുറത്തുപോയിരുന്ന സമയത്താണ് അറിയിപ്പ് വന്നത്. തിരിച്ചെത്തിയപ്പോഴേക്കും ചപ്പാത്തുകളും പാലങ്ങളും പോലീസ് അടച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് എത്താന്‍ പോലും പലര്‍ക്കുമായില്ല. കൈയില്‍ പണമില്ലാതെ വന്നതോടെ ദുരിതം ഇരട്ടിയായി. ഭക്ഷണം ലഭിക്കുന്നതാണ് ഏക ആശ്വാസമെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ പറയുന്നു.
അതേസമയം ബന്ധുക്കളുടെ അടക്കം വീടുകളിലേക്ക് മാറിയവരാണ് ഷട്ടറുകള്‍ കൂടുതല്‍ തുറന്നതോടെ വലയുന്നത്. ചെറുതോണി മുതല്‍ കീരിത്തോട് വരെയുള്ള മേഖലയില്‍ 15 ഓളം ചപ്പാത്തുകളും മൂന്ന് പാലങ്ങളുമാണ് ഉള്ളത്. ഇതിലെല്ലാം വെള്ളം കയറിയതോടെ അക്കരെയിക്കരെ നിന്നവരെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതാണ് പ്രതിഷേധം കൂട്ടുന്നത്.
മരണങ്ങളും മറ്റ് വലിയ ദുരന്തങ്ങളും ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. മഴ കുറഞ്ഞത് ഇതിന് സഹായകമായി. അതേസമയം സ്വന്തം വീട്ടിലെത്താന്‍ ഷട്ടര്‍ അടയ്‌ക്കുന്നതും കാത്തുനില്‍ക്കുകയാണ് പ്രദേശവാസികള്‍.
















