ഇടുക്കി: ഒരാഴ്ചത്ത ഇടവേളക്ക് ശേഷമെത്തിയ ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി സംഭരണിയിലെ ജലശേഖരം അതിവേഗം ഉയരുന്നു. ഇന്നലെ രാത്രി ഒമ്പതിന് അവസാനം വിവരം ലഭിക്കുമ്പോള്‍ 2397.28 അടിയായി ജലനിരപ്പ് ഉയര്‍ന്നു, 93.56 ശതമാനം.
ചൊവ്വാഴ്ച രാത്രിയിലാണ് മഴ ശക്തമായത്. ഈ മാസം ആദ്യം നടന്ന യോഗത്തില്‍, 2398 അടി എത്തിയാല്‍ പരീക്ഷണാര്‍ത്ഥം സംഭരണിയുടെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച രാവിലെ 10ന് 2396.14 അടിയായി ജലനിരപ്പ് താഴ്ന്നിരുന്നു.
പിന്നീട് ഘട്ടംഘട്ടമായി ഉയരുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ പദ്ധതിപ്രദേശത്ത് 12.86 സെ.മീ മഴ രേഖപ്പെടുത്തി. 13.592 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്ത് ഉത്പാദിപ്പിച്ചു.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ മൊത്തം ജലസംഭരണികളിലെ ജലശേഖരവും ഉയര്‍ന്നു. 4140.252 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള സംഭരണികളിലാകെ നിലവില്‍ 3887.829 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമുണ്ട്.
















