കൊച്ചി: അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍വച്ച് മത്സ്യബന്ധന ബോട്ടിലിടിച്ച ‘എം.വി. ദേശ ശക്തി’ കപ്പലിനെ നാവികസേന തിരിച്ചറിഞ്ഞത് ശാസ്ത്രീയ മാര്‍ഗത്തിലൂടെ. അപകടം നടക്കുന്ന സമയത്ത് ഈ ഭാഗത്ത് നിരവധി കപ്പലുകളുണ്ടായിരുന്നു. നാവികസേന നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞത്.
നേവിയുടെ ഡോണിയര്‍ വിമാനത്തിലെ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കപ്പല്‍ ചാലിലൂടെ സഞ്ചരിച്ച എല്ലാ കപ്പലുകളെയും ഡോണിയര്‍ വിമാനം ഉപയോഗിച്ച് പ്രത്യേകം നിരീക്ഷണം നടത്തി. ഈ പരിശോധനയില്‍ തന്നെ എം.വി. ദേശ ശക്തിയാണ് ഇടിച്ച കപ്പലെന്ന് തിരിച്ചറിഞ്ഞിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുടെ മൊഴികൂടി ലഭിച്ചതോടെ എം.വി. ദേശ ശക്തിയെ ഡോണിയര്‍ വിമാനം തടയുകയായിരുന്നു.
കപ്പല്‍ ചാലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍, അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള കപ്പലുകള്‍, ആ സമയത്ത് കടന്നുപോയ കപ്പലുകള്‍ എന്നിവയെ കേന്ദ്രീകരിച്ച് വിവിധ തട്ടുകളിലായിട്ടാണ് നേവിയുടെ അന്വേഷണം നടന്നത്. നേവിയുടെ ഡോണിയര്‍ വിമാനം, എഎല്‍എച്ച് ഹെലിക്കോപ്റ്റര്‍, യമുന കപ്പല്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















