എടക്കര: ഗുണ്ടല്‍പേട്ടയിലെ സൂര്യകാന്തിപ്പൂക്കള്‍ കൊഴിയുന്നു. നോക്കെത്താ ദൂരത്തോളം പരന്നുകടക്കുന്ന സൂര്യകാന്തിപ്പാടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങി. പൂക്കുന്നത് മുതല്‍ ഒരു മാസത്തിലധികം പ്രഭ ചൊരിഞ്ഞ് സൂര്യനെ പ്രദക്ഷിണം വെക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ സഞ്ചാരികളുടെ മനംകവര്‍ന്നിരുന്നു. നാലുമാസമാണ് സൂര്യകാന്തി കൃഷിയുടെ സമയം.
നേരത്തെ തദ്ദേശിയര്‍ മാത്രമായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ധാരാളം മലയാളികളും കൃഷിയിലേര്‍പ്പെടുന്നുണ്ട്. എണ്ണയെടുക്കാനാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. കൊഴുപ്പിന്റെ അംശമില്ലാത്ത സൂര്യകാന്തി എണ്ണ പാചകത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് മുറിച്ചെടുക്കുന്ന പൂവ് യന്ത്രത്തിന്റെ സഹായത്തോടെ മെതിച്ച് എണ്ണക്കുരു വേര്‍ത്തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
















