ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര് ഉള്‍പ്പെട്ടപ്പോള്‍ 40 ലക്ഷത്തോളം പേര് പട്ടികയില്‍ നിന്നും പുറത്തായി.പട്ടികയില്‍ നിന്ന് പുറത്തായ ആളുകള്‍ക്ക് ഓഗസ്റ്റ് 30 വരെ പരാതി അറിയിക്കാം.
പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്താന്‍ എല്ലാ സൗകര്യവും ചെയ്യുമെന്നും പട്ടികയില്‍പെടാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കുനേരെ യാതൊരുവിധ വിവേചനവും ഉണ്ടാകില്ല എന്നും അധികൃതര്‍ അറിയിച്ചു.
കരടു തിരുത്താനുള്ള അപേക്ഷ സെപ്റ്റംബര്‍ 28 വരെ സ്വീകരിക്കും.1971 മാര്‍ച്ച് 25ന് മുന്‍പു മുതല്‍ അസമില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്കാണു പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കുക. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍, എന്‍.ആര്.സി) രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. 2016 ഡിസംബര്‍ 31നായിരുന്നു ആദ്യ പട്ടിക പുറത്തു വന്നത്. സംസ്ഥാനത്ത് എന്‍.ആര്.സിയില്‍ ഉള്‍പ്പെടുത്താനായി പേര് നല്കിയ 3.29 കോടി ജനങ്ങളില്‍ 1.90 പേര് മാത്രമേ ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ.
1980ഓടെയാണ് അസമില്‍ വീണ്ടും പൗരത്വ കണക്കെടുപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. ബംഗ്ലാദേശില്‍ നിന്നു വ്യാപകമായി കുടിയേറ്റം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അസമിലെ ഇന്ത്യന്‍ പൗരന്മാരെയും ബംഗ്ലാദേശി കുടിയേറ്റക്കാരെയും കണ്ടെത്തുന്നതിനായി സുപ്രിംകോടതി നിര്ദേശപ്രകാരം് സംസ്ഥാന സര്‍ക്കാര്‍ പൗരത്വരേഖ തയ്യാറാക്കിയത്.
1971ല്‍ ബംഗ്ലാദേശ് പിറവിയെടുക്കുന്നതിനു മുന്‍പ് ഇന്ത്യയിലെത്തി എന്നു തെളിയിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. മറ്റുള്ളവര്‍ 1971ന് ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നതിന് രേഖ സമര്‍പ്പിക്കേണ്ടി വരും. പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് സംസ്ഥാനത്ത് അഭയാര്‍ഥികളായി കഴിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: