കൊല്ലം: കെഎല്‍-02 എഎന്‍-6858. ഇത് ഒരു എഞ്ചിനീയറെ വാര്‍ത്തെടുത്ത ഓട്ടോറിക്ഷയുടെ നമ്പറാണ്. കൊട്ടിയം എസ്എന്‍ പോളിടെക്നിക്ക് കോളേജില്‍ നിന്ന് ഡിസ്റ്റിങ്ഷന്‍ മാര്‍ക്കോടെ ഉന്നതവിജയം കൊയ്ത അഖിലിന്റെ വണ്ടി. കൊല്ലം ശങ്കേഴ്സ് ആശുപത്രി ഓട്ടോസ്റ്റാന്റിലെ താരമാണ് ഇപ്പോള്‍ അഖിലും പ്രിയപ്പെട്ട ഓട്ടോയും.
സ്വപ്നമായിരുന്നു അഖിലിന് എഞ്ചിനീയറിങ് പഠനം. പണത്തിന്റെ ഞെരുക്കം വലച്ചപ്പോള്‍ ആ സ്വപ്നം ഉള്ളിലൊതുക്കി അവന് ജീവിതത്തിന്റെ തെരുവിലിറങ്ങി. അതിനിടെയാണ് മൂന്ന് വര്‍ഷത്തെ ഈവനിങ് ഡിപ്ലോമ കോഴ്സിനെപ്പറ്റി അറിയുന്നത്. അങ്ങനെ എസ്എന്‍ പോളിടെക്നിക്കില്‍ ഇലക്ട്രിക്കല്‍ ബാച്ചില്‍ ചേരുകയായിരുന്നു. ആശ്രാമത്ത് പാപ്പച്ചന് നിവാസില്‍ മെഷീന് കോമ്പൗണ്ടില്‍ താമസിക്കുന്ന ഗോപാലന്റെയും വിനോദിനിയുടെയും മകനാണ് അഖില്‍. ഏക സഹോദരി അര്‍ച്ചന.
രാവിലെ അഞ്ച് മുതല്‍ എട്ടു വരെ തട്ടുകടയിലാണ് അഖില്‍. മകനെ പഠിപ്പിക്കാനും അന്നന്നത്തെ ജീവിതത്തിനും വഴികണ്ടെത്താന്‍ അമ്മ വിനോദിനി ആശ്രാമത്ത് നടത്തുന്ന തട്ടുകടയില്‍ സഹായി. പിന്നെ വൈകിട്ട് നാലു മണി വരെ ഓട്ടോ ഓടും. അതിനുശേഷം കാക്കി യൂണിഫോമില്‍ അതേ ഓട്ടോയില്‍ ക്ലാസിലേക്ക്. രാത്രി 9 വരെയുള്ള ക്ലാസ് കഴിഞ്ഞാല്‍ ആശ്രാമത്തെത്തി അമ്മയുടെ കൂടെ കടയടച്ചുവന്നതിന് ശേഷം പഠനം.
ബിടെക്കിന് പഠിക്കുക എന്നത് അഖിലിന് മോഹമാണ്. ഓട്ടോ ഉപേക്ഷിക്കാനാവാത്തതിനാല്‍ റഗുലര്‍ ക്ലാസിന് പോകാന്‍ പറ്റില്ലെന്നതാണ് തടസ്സം. അഖിലിന്റെ വിജയത്തില്‍ കൂടെയുള്ള ഓട്ടോക്കാര്‍ക്ക് അഭിമാനം. കോളേജിലെ പ്രിന്‍സിപ്പാള്‍ വി. അജിത്ത്, കോഴ്സ് കോര്‍ഡിനേറ്റര്‍ വി. സന്ദീപ്, വകുപ്പ് മേധാവി എസ്.എസ്. സീമ, അധ്യാപകരായ ഗുരുപ്രസാദ്, രഞ്ജിത്ത്… ഗുരുക്കന്മാരുടെ സ്നേഹവും സഹായവുമാണ് കൈത്താങ്ങെന്ന് അഖില്‍ പറയുന്നു. ഇന്നലത്തെ ഓട്ടം കഴിഞ്ഞ് അഖില്‍ പോയത് പുതിയ ഒരു ജോഡി ഡ്രസ് എടുക്കാനാണ്. ഇന്ന് എറണാകുളത്ത് ഒരു കമ്പനിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തേണ്ടതുണ്ട്. അതിനുള്ള തയാറെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: