പെരുന്ന: സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദു സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്ന് ധരിക്കരുതെന്ന് എന്‍എസ്എസ്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുള്ള നോവല്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് എന്‍എസ്എസിന്റെ പ്രതികരണം. വായനക്കാരില്‍ നിഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന നിലയില്‍ സാഹിത്യകാരന് അനുഭവിക്കുന്നതെന്ന് ഓര്‍മ്മ വേണം. ഈ നോവലിന് സാംസ്കാരിക കേരളത്തിലെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ കാണാനിടയായി. ഇവരുടെയൊക്കെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും തങ്ങള്‍ പുരോഗമനവാദികളാണെന്ന് ജനമധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണെന്നും എന്‍എസ്എസ് വ്യക്തമാക്കി.
കേരളത്തിലെ ഒരു മുന്‍നിര പത്രമാധ്യമത്തിന്റെ ആഴ്ചപ്പതിപ്പില്‍ ഇത് പ്രസിദ്ധീകരിച്ചത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. നോവലില്‍ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയില്‍ പോലും അത്തരം പ്രസ്താവനകള്‍ ഹിന്ദുമത വിശ്വാസത്തിന് തന്നെ മുറിവേല്‍പ്പിച്ചുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: