തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്.
മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല. അത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ തനിക്കുള്ള എതിര്‍പ്പ് മുന്‍പേ പ്രകടിപ്പിച്ചിരുന്നു. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അതും അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാനാകില്ല.
ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നുമില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര് ഒപ്പിട്ട ഭീമഹര്‍ജിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയത്. അമ്മയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കു പുറമെ എഴുത്തുകാരായ എന്‍.എസ്.മാധവന്, സേതു, സച്ചിദാനന്ദന്, രാജീവ് രവി എന്നിവരും നിവേദനത്തില്‍ ഒപ്പു വച്ചിരുന്നു. പ്രകാശ് രാജിന്റെ പേരും നിവേദനത്തില്‍ ചേര്‍ത്തിരുന്നു.
മുഖ്യമന്ത്രിയാണ് പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് നല്‍കേണ്ടത്. ലളിതമായതും അന്തസുറ്റതുമായ ചടങ്ങായിരിക്കണം കേരള സംസ്ഥാന ചലചിത്ര പുരസ്കാര വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യമില്ലെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: