കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്‌ക്കലിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജലന്ധറിലെ സഭാ ആസ്ഥാനത്ത് നേരിട്ടെത്തിയാകും ചോദ്യം ചെയ്യുക. 23ന് എത്തുമെന്ന് അന്വേഷണ സംഘം ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി നിര്‍ണ്ണായക സാക്ഷികളാകാന്‍ സാധ്യതയുള്ള രണ്ട് പേരുടെ മൊഴികൂടി അന്വേഷണ സംഘം ശേഖരിക്കും. സഭ വിട്ട രണ്ട് കന്യാസ്ത്രീകളാണിവര്‍.
അതേസമയം ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാളില്‍ നിന്നും കന്യാസ്ത്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തും. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, രേഖാമൂലവും ഫോണ്‍ മുഖേനയും പരാതി അറിയിച്ചിട്ടും ഇത് മറച്ചുവെച്ചാണ് പോലീസിന് കര്‍ദ്ദിനാള്‍ മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഇവരുടെയും മൊഴി രേഖപ്പെടുത്തുന്നത്.
















