കൊച്ചി: മദ്യത്തിന്റെ മണമുണ്ടെന്ന കാരണത്താല്‍ പൊതുസ്ഥലത്ത് നിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശി എം.കെ. മുകേഷ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.
2017 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 9.50ന് വൈക്കം താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിക്ക് സമീപത്തു നിന്ന് മുകേഷിനെ വൈക്കം സ്റ്റേഷനിലെ എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐ യെ അസഭ്യം പറഞ്ഞെന്നും പോലീസ് ആരോപിച്ചിരുന്നു. പിന്നീട് ഇയാളെ വൈക്കം താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മദ്യപിച്ചതായുള്ള സര്‍ട്ടിഫിക്കറ്റും പോലീസ് വാങ്ങി. പൊലീസിന്റെ പക്കലുണ്ടായിരുന്ന ആല്‍ക്കോ മീറ്ററുപയോഗിച്ച് നടത്തിയ പരിശോധനയിലും മുകേഷ് മദ്യപിച്ചതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ആല്‍ക്കോമീറ്ററില്‍ ഹര്‍ജിക്കാരന്‍ ഉപയോഗിച്ച മദ്യത്തിന്റെയളവ് തെറ്റായാണ് കാണിച്ചതെന്ന് കോടതി വിലയിരുത്തി. ഇതു സാങ്കേതിക പിഴവാണെന്ന് പോലീസ് വിശദീകരിച്ചു. മദ്യത്തിന്റെ മണമുണ്ടെന്ന പേരില്‍ ഒരാള്‍ മദ്യപിച്ചതാണെന്ന് വിലയിരുത്തരുതെന്ന് സിംഗിള്‍ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റയും വിധികള്‍ നിലവിലുണ്ട്. ആ നിലയ്‌ക്ക് ഈ കേസില്‍ നിയമ നടപടി തുടരുന്നത് കോടതിയുടെ സമയം പാഴാക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
















