കുമാരീ-കശ്മീര പര്യന്തം ഭാരതത്തിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളും ശതാധികം വരുന്ന രാഷ്‌ട്രീയകക്ഷികളുടെ സകലമാന നേതാക്കന്മാരും ആഗ്രഹിക്കുന്ന കാര്യം ”എനിക്കും ആവണം പി.എം” എന്നാണ്. പ്രവചിച്ച കാര്യങ്ങളെല്ലാം ഫലിക്കുമെന്ന പ്രസിദ്ധിയുള്ള പാശ്ചാത്യപണ്ഡിതനും പ്രവാചകനുമായ ‘നോസ്ട്ര് ഡാമസ്’ എന്ന പ്രഗത്ഭന്‍ പറഞ്ഞു.
”എ.ഡി 2014 ഓടുകൂടി ഇന്ദ്രപ്രസ്ഥത്തില്‍ ശക്തനായ ഒരു ഭരണാധികാരിയുടെ അരിയിട്ട് വാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഭാരതം ലോകരാഷ്‌ട്രങ്ങളുടെ മുന്‍പന്തിയില്‍ തിളങ്ങും”. ഈ പ്രവചനം സഫലീകരിച്ച് ആര്യാവര്‍ത്ത നിവാസികള്‍ ‘നരേന്ദ്രമോദി’ എന്ന മഹാശക്തനെ ഇന്ദ്രപ്രസ്ഥത്തിലേക്ക് സുവര്‍ണ്ണ സിംഹാസനത്തിലേക്ക് ആദരവോടെ ആനയിച്ചു. ഭാരതം ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ അവഗണിക്കാനാവാത്ത മഹാശക്തിയായി ഉയരുകയും ചെയ്തു.
”എനിക്കും ആവണം പി.എം” എന്ന മനഃപ്പായസമുണ്ട് ഏമ്പക്കമിട്ട് തേരാ പാരാ നടക്കുന്ന കശ്മല പ്രഭൃതികളെല്ലാം നരേന്ദ്രരഹിത ഭാരതം സ്വപ്‌നം കണ്ട് പരസ്പരം ശത്രുത്വം മറന്ന് ആലിംഗനബദ്ധരായി ചുംബനാസക്തരുമായി നില്‍ക്കുന്ന പരിഹാസ്യമായ കാഴ്ചയും നാം ബംഗളൂരുവില്‍ കണ്ടു. മാത്രമല്ല അയല്‍വാസികളായ ശത്രുരാജ്യ നേതാക്കന്മാരും കശ്മീര സംസ്ഥാനത്തിലെ ഭാരതവിരുദ്ധ ശക്തികളും കാംഷിക്കുന്നതും നരേന്ദ്രരഹിത ഭാരതം തന്നെ.
സ്വന്തം പുത്രന്‍ ഉന്നത പദവിയിലെത്തണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യാത്ത അമ്മമാര്‍ ഈ ലോകത്തിലുണ്ടാവില്ല. അവരും നരേന്ദ്രരഹിത ഭാരതം സ്വപ്‌നംകണ്ട് നാമം ജപിച്ച് കാലം കഴിക്കുന്നു.
ഇവരുടെയെല്ലാം മനഃപ്പായസത്തില്‍ കല്ലുകടി ഉണ്ടാക്കുന്നത് ആര്യാവര്‍ത്തത്തിലെ നരേന്ദ്രജന്യമായ അഭിലാഷമാണ്. 2019 ലും തങ്ങളുടെ രക്ഷകനായി ഇന്ദ്രപ്രസ്ഥത്തിലെ സിംഹസാനത്തില്‍ മോദിതന്നെ അലംകൃതമാകണമെന്ന് ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു. വംഗദേശീയനായ പ്രണാബ് മുഖര്‍ജിയെ രാഷ്‌ട്രപതിഭവനത്തിലേക്ക് അവരോധിച്ച് തന്റെ കുടുംബാധിപത്യവും പുത്രന്റെ പ്രധാനമന്ത്രിപദസ്ഥാനാരോഹണവും സുഗമമാക്കിയ വത്സലമാതാവിന്റെ സ്വപ്‌നം മുഖര്‍ജിയുടെ നാഗപ്പൂര്‍ പ്രവേശനത്തോടെ ദുഃസ്വപ്‌നമായ പരിണമിക്കുന്നു.
രാജ്യത്തുടനീളം മോദിക്കെതിരെ കൈകോര്‍ത്തു നില്‍ക്കുന്ന പ്രധാനമന്ത്രിപദക്കൊതിയന്മാരും കര്‍ണ്ണാടകത്തില്‍ ജനഹിതം ചവിട്ടിമെതിച്ചതവരുമായ രാജ്യദ്രോഹികളുടെ ഉള്ളിലിരുപ്പ് ഭാരതീയര്‍ തിരിച്ചറിയുന്നു. മോദിയെ കൈപിടിച്ചുയര്‍ത്തി 2019ല്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിലെത്തിക്കാന്‍ വെമ്പുന്ന ഭാരതജനതയുടെ സ്വപ്‌നം പൂവണിയുമെന്ന് നിഷ്പക്ഷമതികള്‍ക്ക് ഉറപ്പു പറയാന്‍ കഴിയും.
പുരസ്‌കാരക്കൊതിയന്മാരും അക്കാദമിക പദവികളില്‍ കണ്ണ് നട്ടിരിക്കുന്നവരുമായ നമ്മുടെ സാഹിത്യസാംസ്‌കാരിക ചകോരങ്ങളും ചാനലുകളില്‍ നിരങ്ങുന്ന അന്തിച്ചൊറിച്ചില്‍കാരും അവതാരകശിങ്കങ്ങളും ശിങ്കികളും നിരന്തരം നടത്തുന്ന മോദിവിരുദ്ധ പ്രചാരണം കേരളത്തില്‍ ഫലിച്ചെന്നുവരും. കേരള നേതാക്കന്മാരുടെ തൊഴുത്തില്‍ക്കുത്തും തമ്മില്‍തല്ലും ഐക്യമത്യമില്ലായ്‌മയും കുപ്രസിദ്ധമാണല്ലോ? പക്ഷേ കോടികളോളം വരുന്ന ഭാരതീയര്‍ 2019 ല്‍ മോദിക്കുതന്നെ സ്വയം സമര്‍പ്പിച്ച് രാജ്യസേവകരും ഭാരതരക്ഷകരുമായി മുന്‍നിരയില്‍ വരുന്നത് ലോകജനത സഹര്‍ഷം സ്വാഗതം ചെയ്യും.
















