സ്വയം എറിഞ്ഞ് ഒരു നദിയില്‍ മുങ്ങി അമരാന്‍മാത്രം കടലിന്റെ അപാരതയും ആഴവുമുണ്ടായിരുന്ന വെര്‍ജീനിയ വൂള്‍ഫിന് എങ്ങനെ കഴിഞ്ഞു. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ജനിച്ച ഒരു മനുഷ്യന്റെ പിന്‍തുടര്‍ച്ചമാത്രമാണ് തന്റെ ജനനം എന്നു വിശ്വസിച്ച വൂള്‍ഫ് തന്റെ മരണവും അത്രകാലം മുന്‍പേ സംഭവിച്ച ആരുടേയെങ്കിലും അനുബന്ധമാണെന്നു തന്നെ വിശ്വസിച്ചിരിക്കുമോ.
അറിയാതെ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കൗതുകമില്ലാത്ത ജീവിതവും അനുഭവിച്ചിട്ടില്ലാത്ത ജിജ്ഞാസാഭരിതമായ മരണവും തമ്മില്‍ ഒരു വിരോധാഭാസമെന്നു പറയാവുന്നൊരു മത്സരം ഉള്ളില്‍ നടന്നിരുന്നതായി അവരുടെ രചനകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ടെങ്കിലും തൊട്ടടുത്ത നിമിഷം അത് അമട്ടിമറിയാകാറുണ്ട്. ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും തീവ്രതയെക്കുറിച്ചെഴുതുമ്പോള്‍ തന്നേയും ഒരു ധ്യാനബുദ്ധന് തോന്നുന്ന ഏകാന്തത എന്ന ആഹ്ളാദ പറുദീസ വൂള്‍ഫിനും അനുഭവപ്പെട്ടില്ലേയെന്നും തോന്നാം. കാരണങ്ങളില്ലാതെ ജീവിക്കുന്നതുപോലെ കാരണമില്ലാതെ തന്നെ മരിക്കാനും അവകാശമുണ്ടെന്ന് അവര്‍ തീരുമാനിച്ചിരുന്നോ.
സാഹിത്യത്തില്‍ മരണം പലപ്പോഴും ഒരു രൂപകമാണ്. വെറുതെ ജീവിക്കുന്നതുപോലെ സംഭവിക്കുന്ന ഒരു വെറുതെയല്ല മരണം എന്നതുകൊണ്ടാണ് അത് രൂപകമാകുന്നത്. സ്വന്തമായിപ്പോലും വേണ്ടാത്തൊരു ജീവിതം എന്ന്് അര്‍ഥം വരും വിധം ടി.വി.ചന്ദ്രന് സംവിധാനം ചെയ്ത ഡാനി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അതേപേരിലുള്ള കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഡാനിയുടെ ജീവിതം ശരിക്കും അതായിരുന്നു. ഇങ്ങനെ തനിക്കെന്നല്ല ആര്‍ക്കും വേണ്ടാത്തൊരു ജീവിതമെന്ന് തിരിച്ചറിയുന്നിടത്താണ് മരണത്തിനു സവിശേഷതയുണ്ടാകുന്നതും അത് ഒരു മെറ്റഫറായി മാറുന്നതും. ജീവിത്തെ വിവിധ കോണുകളിലൂടെ നിരീക്ഷിച്ച എഴുത്തുകാര്‍ മരണത്തിനു സ്വയം എറിഞ്ഞുകൊടുക്കുേേമ്പാള്‍ അതുവലിയ ദാര്‍ശനിക പ്രശ്നമായേക്കും. മരണത്തെ അങ്ങോട്ടുചെന്നു വാരിപ്പുണര്‍ന്ന എഴുത്തുകാര്‍ അനവധിയാണ്.
സില്‍വിയപ്്ളാത്ത്,അല്‍ബേര്‍ കാമു,യസുനാരി കവാബത്ത തുടങ്ങി നമ്മുടെ ഇടപ്പള്ളി രാഘവന്‍പിള്ള വരെകാണും നീണ്ട ഒരുനിര. 1948 മാര്‍ച്ച് 28 നാണ് തന്റെ കോട്ടിന്റെ പോക്കറ്റില്‍ വലിയൊരു കല്ലും എടുത്തിട്ട് വെര്‍ജീനിയ നദിയിലേക്കു നടന്നുപോയത്. വായനക്കാരുടെ ലോകത്തിന് വെര്‍ജീനിയ വൂള്‍ഫിന്റെ എഴുത്തുജീവിതം മഹത്തായി തോന്നുമെങ്കിലും എഴുത്തുകാരി അത് അനുഭവിക്കുന്നുണ്ടായിരുന്നില്ല. തന്റെ പ്രതിസന്ധികളെക്കൂടി അതിജീവിക്കാനുള്ള കണ്ടുപിടുത്തവുമായിരുന്നു അവര്‍ക്ക് എഴുത്ത്. അതുകൊണ്ടാണ് 59 വയസുവരെ ജീവിച്ച വൂള്‍ഫിന്റെ ജീവിതത്തിനുമേല്‍ ഒരു നിമിഷത്തെ ആത്മഹത്യ ആ പ്രായത്തേയും കടന്നുപോകുന്നത്. ഇയേഴ്സ്,വേവ്സ്,ടു ദ ലൈറ്റ് ഹൗസ്,എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്നീകൃതികളില്‍ രോഗിയും മതിഭ്രമവുമുള്ള എഴുത്തുകാരിയായിത്തീര്‍ന്ന വൂള്‍ഫിന്റെ കൊടിയ പ്രതിസന്ധികള്‍ നിഴല്‍വിരിക്കുന്നുണ്ട്.
കടലും ആകാശവും ബാല്യവും പ്രായവും പ്രതീകങ്ങളായി വരുന്ന ബോധാധാരയില്‍ എഴുതപ്പെട്ട വേവ്സ് വൂള്‍ഫിനെ ജോയ്സിന്റേയും വില്യം ഫോക്നറിന്റേയും പെരുമയ്ക്കൊപ്പം എത്തിച്ചു. ഫിക്ഷന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരിക്ക് പണവും സ്വന്തമായി മുറിയും വേണമെന്നുള്ള വാചകം വലിയൊരു തിരിച്ചറിവിന്റെ വാക്മയമായി എ റൂം ഓഫ് വണ്‍സ് ഓണില്‍ കാണാം.സ്ത്രീ എവിടേയും ഒറ്റപ്പെടുന്നത് അവള്‍ക്ക് വിദ്യാഭ്യാസത്തിന്റേയും പണത്തിന്റേയും കുറവുകൊണ്ടാണെന്ന് വെര്‍ജീനിയ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഫെമനിസ്റ്റ് കള്‍ച്ചര്‍ ഈ കൃതിയുടെ അടിയൊഴുക്കാകുകയാണ്. സ്വന്തമായി ഒരു മുറി,ഇടം അവള് കണ്ടെത്തണം എന്ന ആഹ്വാനമാണത്.
സന്ദേഹപരമായൊരു ദ്വന്ദ്വം വൂള്‍ഫില്‍ എപ്പോഴും ഉണ്ടായിരുന്നു.നൂറുകണക്കിനു വര്‍ഷം മുന്‍പു താന്‍ ജനിച്ചുവെന്നും യഥാര്‍ഥത്തില്‍ താന്‍ ജനിച്ചപ്പോള്‍ ജനിച്ചെന്നുമുള്ള ഇരുതരം വ്യക്തിത്വം. പതിമൂന്നാം വയസില്‍ അമ്മ മരിച്ചതിലുള്ള വേദന.അര്‍ധ സഹോദരന്റെ ലൈംഗിക പീഡനം ഏല്‍പ്പിച്ച കുറ്റബോധവും വിഷാദവും ലജ്ജയും. പാരമ്പര്യത്തോടുള്ള വിധേയത്വം. ഭൂതകാലത്തേക്കു പോകാന്‍ കൊതിക്കുന്ന ഗൃഹാതുരത എന്നിങ്ങനെയുള്ള ഒരര്‍ധ സ്വത്വം ഒരുഭാഗത്തും. യുക്തി ചിന്ത,ആത്മവിശ്വാസം,ധൈര്യം,പ്രതീക്ഷ എന്നിങ്ങനെ മറ്റൊരു അര്‍ധ സ്വത്വവും കൂടിച്ചേര്‍ന്നൊരു വൈവിധ്യത്തിന്റെ ഏകകം വെര്‍ജീനിയ വൂള്‍ഫിനുണ്ടായിരുന്നു.
വര്‍ത്തമാനവും ഭാവിയും വിധിയുമെല്ലാം നാം തീരുമാനിക്കുന്നതാണെന്നുള്ള മൂത്ത സഹോദരിയുടെ ആത്മവിശ്വാസമുള്ള വാക്കുകള്‍ വൂള്‍ഫിനു നല്കിയ ധൈര്യം ചെറുതല്ല. ഇത്തരമൊരു എല്ലുറപ്പുള്ള ദൃഢത ഉണ്ടാകമ്പോള്‍ തീരെ ബാല്യത്തില്‍ സംഭവിച്ച നഷ്ടവും പീഡനവും അതു നികത്തില്ലേ എന്ന ചോദ്യം സാങ്കേതികമായിമാത്രം ന്യായീകരിക്കാവുന്നതാണ്. അങ്ങനെയാകുമ്പോഴാണ് ഏകാന്തത ധ്യാന ബുദ്ധന്റെ ആഹ്ളാദ പറുദീസയ്ക്കു പകരം സന്ദേഹിയുടെ ദിക്ഭ്രമമായി പരിണമിക്കുന്നത്. എല്ലാത്തരം ഉറപ്പിന്മേല് പണിത ആത്മവിശ്വാസംപോലും ഉള്ളിലേറ്റ മുറിവില്‍നിന്നുമൊഴുകുന്ന പഴുപ്പിലൂടെ തെന്നിപ്പോകാം. ഭൂതകാലത്തെ വാരിപ്പുണരുമ്പോഴും അതിനെ കടന്നാക്രമിക്കാന്‍ പോന്നതാണ് ഭൂതകാലത്തില്‍ തന്നെയുണ്ടായ മനസിന്റെ പരിക്കുകള്‍.
ഇടപ്പള്ളി രാഘവന് പിള്ളയുടെ ആത്മഹത്യയെ പ്രിയദര്‍ശനിയായ മരണം എന്നാണ് കെ.പി. അപ്പന് സൂചിപ്പിക്കുന്നത്.വി.രാജകൃഷ്ണനാകട്ടെ ആളൊഴിഞ്ഞ അരങ്ങായും.വെര്‍ജീനിയ വൂള്‍ഫ് തന്റെ പേരിനൊപ്പം അവശേഷിപ്പിച്ച ആത്മഹത്യയെ അവരുടെ ഭാഷപോലെ ക്രിസ്റ്റലിന്റെ തിളക്കമുള്ള മൂര്‍ച്ചയെന്നു വിശേഷിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: