എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധിക്കപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. മുസ്ലീം ഭീകര സംഘടനയാണ് നിഷ്ഠൂരമായ കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും കൊലയ്ക്ക് നേരിട്ട് പങ്കുള്ളവരെ ഇതുവരെയും പിടിച്ചില്ലെന്നാണ് പരാതി. മുഖ്യ പങ്കാളികളായ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായാണ് നിഗമനം. പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് നീക്കം ആരംഭിച്ചിട്ടുള്ളത്. പോലീസിന്റെ ഈ പരിശ്രമത്തിന് രാഷ്ട്രീയ പിന്തുണ ലഭിക്കുമോ എന്ന ആശങ്കയിലാണ് പോലീസ്.
കൊലപാതകം കഴിഞ്ഞ് പ്രതികള്‍ രക്ഷപ്പെടാന്‍ സഹായകമാംവിധം അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതികള്‍ രാജ്യംവിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനകം പ്രതികള്‍ രാജ്യംവിട്ടുവെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. രാജ്യംവിട്ട ഭീകരര്‍ക്കെല്ലാം വ്യാജ പാസ്പോര്‍ട്ട് ഉണ്ടായിരുന്നതായും കേള്‍ക്കുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് എറണാകുളം നെട്ടൂരിലെ ആറംഗസംഘമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെങ്കിലും ചിലര്‍ എസ്എഫ്ഐയില്‍ സജീവമായി രംഗത്തുള്ളവരാണെന്നും പറയുന്നു. മഹാരാജാസിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് കാമ്പസ്ഫ്രണ്ട് നേതാവാണെങ്കിലും എസ്എഫ്ഐയുടെ സന്തതസഹചാരിയാണ്. ഇയാളുടേതടക്കം സമ്മര്‍ദ്ദപ്രകാരമാണ് അന്ന് അഭിമന്യു കോളേജിലെത്തിയതെന്ന് പരക്കെ സംസാരമുണ്ട്. എന്നുവച്ചാല്‍ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളത്. എസ്എഫ്ഐയില്‍ നുഴഞ്ഞുകയറി നേതൃസ്ഥാനത്തെത്തിയ എസ്ഡിപിഐക്കാരാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തം. ഇതുമറച്ചുവച്ച് മതേതര മുഖച്ഛായ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് സിപിഎം എന്ന് കരുതേണ്ടിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജിഹ്വകള്‍ക്ക് സഹായം നല്‍കുകയും അവരുടെ ഇരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന സിപിഎമ്മിന്റെയും സഹയാത്രികരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് അഭിമന്യുവിന്റെ അകാലമൃത്യു. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും പഠിക്കേണ്ടതാണ് അതില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അഭിമന്യു വധക്കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള പോലീസ് നീക്കത്തിന് തടയിടാന്‍ സിപിഎം തയ്യാറാകുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമാണ്. പത്ത് ദിവസത്തിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് അഭിമന്യുവിന്റെ അച്ഛന് ഉള്ളുരുകി പ്രസ്താപിച്ചിട്ടും സര്‍ക്കാരോ സിപിഎമ്മോ പ്രതികരിക്കുന്നില്ല. അഭിമന്യു പോയി. ഇനി തിരിച്ചുവരില്ല. വോട്ടും കിട്ടില്ല. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ എന്തിന് മുസ്ലീംവോട്ടിനെ വേദനിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ ചിന്ത. യുഎപിഎ ചുമത്തുമെന്ന് കുറ്റകൃത്യം നടന്നപാടെ പ്രഖ്യാപിച്ച ഡിജിപി ഇപ്പോള്‍ പിറകോട്ടു പോയിരിക്കുകയാണ്. അന്വേഷണം എങ്ങനെ എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മാണ്.
കണ്ണൂര്‍ ജില്ലയില്‍ ഭീകരര്‍ക്ക് സകല ഒത്താശകളും ചെയ്തുകൊടുത്ത സിപിഎം നയം ഇപ്പോള്‍ കേരളമാകെ വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിയമവിരുദ്ധമായ ഈ നിലപാട് തിരുത്തിക്കേണ്ടത് പ്രതിപക്ഷമാണ്. കണ്ണും കാതും വാലും തലയും നഷ്ടപ്പെട്ട പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ചൂലുമായി മാറിക്കഴിഞ്ഞു. കേരളം ഭീകരരുടെ വിളയാട്ട കേന്ദ്രമായാലും അവരുടെ വോട്ടുറപ്പിക്കാനുള്ള പ്രയത്നത്തില്‍ ഏര്‍പ്പെടുമ്പോള്‍ സിപിഎമ്മിന്റേതടക്കമുള്ള അണികളും ജനങ്ങളും ജാഗ്രത പുലര്‍ത്തിയേ പറ്റു. ഇല്ലെങ്കില്‍ ഇത് ദൈവത്തിന്റെ നാടിനുപകരം ചെകുത്താന്മാരുടെ സ്വര്‍ഗമെന്ന പേരിനര്‍ഹരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: