കേരളത്തിലെ സമാധാന പ്രേമികളെ ഞെട്ടിച്ച സംഭവമാണ് എറണാകുളം മഹാരാജാസിലെ കൊലപാതകം. എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ കോളേജിനകത്തിട്ടാണ് കുത്തിക്കൊന്നത്. ഒറ്റക്കുത്തിനാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കോളേജിലെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അലങ്കാരപ്പണിചെയ്യുമ്പോഴാണ് സായുധരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെത്തി സംഘര്‍ഷമുണ്ടാക്കുകയും അഭിമന്യുവിനെ കൊല്ലുകയും ചെയ്തത്. രണ്ടുസുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്എഫ്ഐ കലാലയങ്ങളില്‍ തുടര്‍ന്നുവരുന്ന ഏകാധിപത്യമനോഭാവത്തോടും പ്രചരിപ്പിക്കുന്ന ആശയങ്ങളോടും ഒരു യോജിപ്പുമില്ലെങ്കിലും നിഷ്ഠൂരമായ ഈ കൃത്യത്തെ അപലപിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
കൊലക്കത്തിയുമായി കലാലയത്തിലെത്തിയത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. ആഗോളതലത്തില്‍ സംഘര്‍ഷങ്ങളും വ്യാപക കൊലപാതകങ്ങളും നടത്തുന്നവരുടെ പിന്തുണക്കാരുമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫണ്ട് എന്നീ സംഘടനകളെ താലിബാനോട് മാത്രമേ ഉപമിക്കാനാകൂ. അവര്‍ കേരളത്തിലങ്ങോളമിങ്ങോളം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.
ഒറ്റക്കുത്തിന് കൊല ഉറപ്പാക്കുന്ന പരിശീലനം സിദ്ധിച്ച സംഘം ഇവര്‍ക്കായുണ്ട്. മറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരെ, പ്രത്യേകിച്ച് എബിവിപി പ്രവര്‍ത്തകരെ കുത്തിക്കൊല്ലുമ്പോള്‍ കൊലയാളികളെ ന്യായീകരിക്കുന്ന എസ്എഫ്ഐയുടെ ഒരു പ്രവര്‍ത്തകനാണ് എറണാകുളത്ത് ഇപ്പോള്‍ ഇരയായിട്ടുള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി പത്രം ആഘോഷിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അത് ഇനിയും ഗൗരവത്തില്‍ കണ്ടോ എന്ന് സംശയമാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയത്തില്‍പ്പോലും ശക്തമായി പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തില്‍ ഇതുവരെ മിണ്ടിയിട്ടില്ല. താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സംഘടനക്കെതിരെയും ഇടത് ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ വൃന്ദാ കാരാട്ട് പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ക്കെതിരെ മൗനം പാലിക്കുകയാണ്.
കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി എന്നിവരുടെ പ്രതികരണം സിപിഎം പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്. ആരാണ് പ്രതികളെന്ന് പറയാതെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റെങ്കില്‍ എസ്ഡിപിഐക്കെതിരെ ആരോപണമുണ്ട് എന്ന് മാത്രമായിരുന്നു കോടിയേരി പറഞ്ഞത്. ആര്‍എസ്എസ്സിനെ കൂട്ടിക്കെട്ടി ‘കരുതലോടെ’യായിരുന്നു എം.എ. ബേബിയുടെയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിന്റെയും പ്രതികരണം. കൊലപാതകം നടത്തിയത് മതഭീകരവാദികളാണെന്ന് കരുതുന്നില്ലെന്ന് പിബി അംഗവും മലയാളിയുമായ എസ്. രാമചന്ദ്രന് പിള്ളയും പറഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്തെ മുസ്ലിം-മാര്‍ക്സിസ്റ്റ് ഭീകരത രാജ്യമൊട്ടാകെ ബിജെപി ചര്‍ച്ചയാക്കിയപ്പോള്‍ കേരളത്തെ അപമാനിക്കുകയാണെന്നാരോപിച്ച് സിപിഎം ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടത്തി. കേരളത്തിലെ മതംമാറ്റ ഭീകരത ആര്‍എസ്എസ്സിന്റെ വ്യാജപ്രചാരണമെന്നായിരുന്നു സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഭിമന്യൂവിന്റെ രക്തസാക്ഷിത്വം നല്കുന്ന സന്ദേശം ഒട്ടും ശുഭസൂചകമല്ല. ഒരു രക്തസാക്ഷിയെ ലഭിച്ചത് ആഹ്ലാദത്തോടെ അംഗീകരിക്കുന്ന സിപിഎം ഭീകരരെ ഇനിയും കൈവിടാന്‍ ഒരുക്കമല്ലെന്നാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: