ഇന്ത്യ കണ്ട പല തട്ടിപ്പുകാരില്‍ ഒന്നാമനാണ് വ്യവസായി വിജയ് മല്ല്യ. തന്റെ വിവിധ സ്ഥാപനങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും വാങ്ങിയ ഏഴായിരം കോടി വായ്പയോ പലിശയോ നല്കാന് വര്‍ഷങ്ങളായി മല്ല്യ കൂട്ടാക്കിയില്ല. പലിശയടക്കം 9000 കോടി രൂപ അടയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടി കര്‍ശനമാക്കി. തുടര്‍ന്ന് രാജ്യംവിട്ട മല്യ ഇപ്പോള്‍ ലണ്ടനിലാണ്. രാജ്യസഭാംഗമെന്ന നിലയില്‍ കൈവശം വച്ചിരുന്ന നയതന്ത്ര വിസ റദ്ദാക്കി. ഇയാള്‍ക്കെതിരെ ബ്രിട്ടനില്‍ കേസ് കൊടുത്തു, ലണ്ടനില്‍ അറസ്റ്റിലാവുകയും ചെയ്തു.
കിങ് ഫിഷര്‍ വിമാനക്കമ്പനിയും മദ്യോല്പ്പാദന സ്ഥാപനങ്ങളുമടക്കം ബാങ്കുകള്‍ക്ക് കിട്ടേണ്ട തുകയിലധികം വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. ഇത്രയും ശക്തമായ നടപടി മുന്‍പൊരിക്കലും രാജ്യം കണ്ടിട്ടില്ല. എന്നിട്ടും തട്ടിപ്പുകാരന് വിജയ് മല്ല്യയെ രാജ്യം വിടാന്‍ മോദി സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് കോണ്‍ഗ്രസ്സുകാരും പലവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആക്ഷേപിച്ചു. അതിലൊന്നും പതറാതെ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുന്നോട്ടുപോയി.
ആ നടപടികളെല്ലാം പലവിധ നിയമ ആനുകൂല്യങ്ങളും അനുവദിക്കുന്ന ലണ്ടനില്‍ പിടിച്ചുനില്ക്കാന് പറ്റാത്ത സാഹചര്യമുണ്ടാക്കി. വിജയ്മല്ല്യയുടെ നവദ്വാരങ്ങളും അടയ്ക്കത്തക്ക നിലപാടുകളുമായി കേന്ദ്രം മുന്നോട്ടുപോയതിന്റെ ഫലം കണ്ടു. ബാങ്കുകള്‍ക്ക് ഇപ്പോള്‍ നല്‍കാനുള്ള 13,000 കോടി രൂപ അടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്ല്യ ബാങ്കുകളുടെ കൂട്ടായ്മയ്ക്കയച്ച കത്തിലും കര്‍ണാടക ഹൈക്കോടതിയിലും അറിയിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും കണ്ടുകെട്ടിയതിന് പുറമെ വിദേശരാജ്യങ്ങളിലുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനുപുറമെ ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ അതിവേഗം പുരോഗമിക്കുകയുമാണ്. ബ്രിട്ടീഷ് കോടതി മല്ല്യയെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടേക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രയം.
സാമ്പത്തിക തട്ടിപ്പുനടത്തി മുങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അത്തരക്കാരെ പലായനം ചെയ്തവരായി പ്രഖ്യാപിക്കാനും സഹായിക്കുന്ന പുതിയ നിയമം അടുത്തിടെ കേന്ദ്രം പാസ്സാക്കിയിരുന്നു. ഇതും മദ്യരാജാവിന് വിനയായി. അതിശക്തമായ സമ്മര്‍ദ്ദമാണിപ്പോള്‍ മല്ല്യയ്ക്കുമേലുള്ളത്. താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് മല്ല്യ ബാങ്കുകളെയും കോടതിയെയും സമീപിച്ചത്. സ്വത്ത് വിറ്റ് പണം അടയ്ക്കാമെന്ന് കാട്ടി ഈ മാസം 22ന് കര്‍ണാടക ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
തനിക്ക് 13,960 കോടി രൂപയുടെ സ്വത്തുണ്ട്. ഇതുവില്ക്കാന് കോടതിയില്‍നിന്ന് അനുമതി നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ധനെന്നറിയപ്പെടുന്ന മന്‍മോഹന്‍സിംഗ് ധനമന്ത്രിയും പ്രധാനമന്ത്രിയുമായപ്പോഴാണ് മല്ല്യയും വ്യവസായവും പുഷ്ടിപ്പെടുകയും ആവശ്യത്തിലധികം ബാങ്ക് വായ്പ ലഭ്യമാക്കാനും കഴിഞ്ഞതെന്ന് സര്‍വര്‍ക്കുമറിയാം.
കോണ്‍ഗ്രസിന്റെ മാനസപുത്രന് എന്ന നിലയില്‍ മാത്രമല്ല മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ അടുത്ത സുഹൃത്തും കൂടിയാണ് വിജയ്മല്ല്യ. 1996ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദേവഗൗഡ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ബംഗളൂരുവിലേക്ക് പറക്കുകയുണ്ടായി. അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങാനുള്ള ആ യാത്രയ്ക്കുപയോഗിച്ച വിമാനം വിജയ് മല്ല്യ നല്കിയതായിരുന്നു.
ദക്ഷിണ കര്‍ണാടകയിലെ ബണ്ട്വാളില്‍ ജനിച്ച മല്ല്യ പിതാവിന്റെ മരണം മൂലം വലിയൊരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയായി 28-ാം വയസ്സില്‍ ഉയര്‍ന്നു. എട്ട് വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ 162-ാം സ്ഥാനത്തായിരുന്നു മല്ല്യ. ഇന്ത്യയിലാകട്ടെ 41-ാം സ്ഥാനത്തും. ആഡംബര ജീവിതം നയിക്കാന്‍ പ്രതിമാസം കോടികള്‍ തന്നെ ചെലവഴിച്ചിരുന്ന മല്ല്യ 17 ബാങ്കുകളില്‍ നിന്നാണ് വായ്പ തരപ്പെടുത്തിയത്.
തന്നെ പിന്തുണച്ച ജനതാദള്‍, കോണ്‍ഗ്രസ് സംയുക്ത സര്‍ക്കാര്‍ കര്ണാടകത്തിലുള്ളതിനാല് മല്ല്യയ്ക്ക് രക്ഷയാകുമോ? സംരക്ഷകരായി ഇവര്‍ നിലനില്‍ക്കുമോ? അതോ മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുമോ? അതാണ് കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: