മോസ്‌ക്കോ: അഹമ്മദ് മൂസയുടെ ഇരട്ട ഗോളില്‍ നൈജീരിയയ്‌ക്ക് ലോകകപ്പില്‍ ആദ്യ വിജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ അവര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐസ് ലന്‍ഡിനെ പരാജയപ്പെടുത്തി. 49, 75 മിനിറ്റുകളിലാണ് മൂസ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നൈജീരിയ ലക്ഷ്യം കണ്ടു. ശക്തമായയൊരു പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ഓടിക്കയറിയ മൂസയ്‌ക്ക് വിക്ടര്‍ മോസസ്് ക്രോസ് നല്‍കി. ഐസ്‌ലന്‍ഡിന്റെ ബോക്‌സിനകത്ത് പന്തു പിടിച്ചെടുത്ത മൂസ തകര്‍പ്പനടിയിലൂടെ ഗോള്‍ നേടി.
മൂസയുടെ ഒറ്റയ്‌ക്ക് നടത്തിയ നീക്കമാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ആദ്യ ഷോട്ട് ബാറില്‍ തട്ടി തെറിച്ചെങ്കിലും പന്ത് മൂസയുടെ കാലില്‍ തന്നെ എത്തി. ഒന്നാന്തരം പാസിങ്ങില്‍ ഗോളിയേയും രണ്ട് പ്രതിരോധ നിരക്കാരെയും അനായാസം കീഴടക്കി മൂസ വലയിലേക്ക് പന്ത് തട്ടിയിട്ടു.ആറു മിനിറ്റുകള്‍ക്ക് ശേഷം ഗോള്‍ മടക്കാന്‍ ഐസ്‌ലന്‍ഡിന് സുവര്‍ണാവസരം ലഭിച്ചു. പക്ഷെ വിആര്‍എയുടെ സഹായത്താല്‍ കിട്ടിയ പെനാല്‍റ്റി അവരുടെ ജില്‍ഫി പാഴാക്കി.
















