കശ്മീരിലെ സംഭവവികാസത്തെ സാഹചര്യത്തിന്റെ അനിവാര്യത’എന്നേ വിശേഷിപ്പിക്കാനൊക്കൂ. രാജ്യസുരക്ഷയ്ക്കും ദേശീയ ഐക്യത്തിനും മുന്‍ഗണന നല്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലയിലേക്ക് അവിടത്തെ സ്ഥിതിഗതികള്‍ ചെന്നെത്തിയ സ്ഥിതിക്കു വിട്ടുവീഴ്ചകള്‍ക്കു പ്രസക്തിയില്ല. ആ സാഹചര്യത്തെ ന്യായീകരിക്കുന്ന കക്ഷികളുമായി കൈകോര്‍ത്തു ഭരിക്കുകയും അസാധ്യമെന്നതാണു നില.
സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനമാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപി കൈക്കൊണ്ടത്. വെടി നിര്‍ത്തല്‍ പിന്‍വലിച്ചു, ഭരണ പങ്കാളികളായ പിഡിപിയുമായി ബന്ധം പിരിഞ്ഞു. മന്ത്രിസഭ വീണു. ഗവര്‍ണര്‍ ഭരണമേറ്റു. കശ്മീര്‍ താഴ്വരയില് സമാധാനാന്തരീക്ഷം പുലരാന്‍ എന്തു നടപടിയെന്ന് ഇനി കേന്ദ്രം തീരുമാനിക്കും. സൈന്യം തിരിച്ചടി തുടങ്ങിക്കഴിഞ്ഞു.
താഴ്വരയില് അസ്വസ്ഥത വിതറിയവര്‍ ചോദിച്ചു വാങ്ങിയതാണിത്. ഇത്തരമൊരവസ്ഥയില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാരിനു പിന്‍ബലമേകുകയാണ് ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷം ചെയ്യേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുതലെടുപ്പിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
നോമ്പിന്റെ പുണ്യകാലമായ റംസാന് മാസത്തില്‍ വെടിനിര്‍ത്തുകവഴി ഇന്ത്യ കാണിച്ച മാതൃകയിലെ നന്മ ഉള്‍ക്കൊള്ളാന്‍, ഇസ്ലാമിന്റെ പേരില്‍ പോരാടുന്നവര്‍ തയ്യാറായില്ല. അതിന്റെ മറവില്‍ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തു. അതിനെ ആരും വിമര്‍ശിച്ചു കണ്ടുമില്ല. ആ മറവില്‍ കൊലചെയ്തു കൂട്ടിയവര്‍ക്കു തിരിച്ചു വെടിയേല്‍ക്കാത്തത് നമ്മുടെ സൈനികര്‍ കാണിച്ച സംയമനത്തിന്റെ ഫലമായിരുന്നു. അവരുടെ ജീവനും വിലയുണ്ടല്ലോ.
സഹനം ഒരു ഭാഗത്തുനിന്നു മാത്രമുണ്ടാകുന്നതു മറുഭാഗത്തിന് മുതല്‍ക്കൂട്ടായി മാറുകയാണെന്നു ബോധ്യപ്പെട്ടതിന്റെ ഫലമാണ് കശ്മീരിലെ നടപടികള്‍. താഴ്വരയില് സമാധാന ജീവിതം അസാധ്യമായെന്നും ജനം അസ്വസ്ഥരാണെന്നും ഇപ്പോള്‍ ആരോപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്, അവിടെ സൈന്യവുമായി പോരാടുന്നത് സാധാരണ ജനങ്ങളല്ല എന്നതാണ്. അവര്‍ വിഘടനവാദികളാണ്. അവര്‍ക്കു ഭീകരരുടേത് അടക്കമുള്ള വിദേശ ബന്ധങ്ങളുടെ പിന്തുണയുമുണ്ട്.
നന്മയുടെ ഭാഷ അവര്‍ക്കു മനസ്സിലാവില്ലെന്ന് അനുഭവം തെളിയിച്ചു കഴിഞ്ഞു. സമാധാന ശ്രമത്തിന്റെ പേരില്‍ അവരെ പിന്താങ്ങുന്നതു ഫലത്തില്‍ രാജ്യത്തെ ഒറ്റുകൊടുക്കലാകും. അത്തരക്കാരെ അംഗീകരിക്കാത്ത ദേശീയ വാദികളായ പൗരന്മാരും അവിടെയുണ്ടെന്നതിനു തെളിവാണ് ഈയിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് ഔറംഗസീബിന്റെ സഹോദരന് സൈന്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും കശ്മീരില്‍ നിന്നു ഭീകരത തുടച്ചു നീക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന് ആവശ്യപ്പെട്ടതും.
ഇതൊന്നും അറിയാത്തവരല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും അവരോടു ചേര്‍ന്നു നില്ക്കുന്ന കപട ബുദ്ധിജീവികളും. പ്രശ്നമുണ്ടാക്കുന്നവര്‍ ന്യൂനപക്ഷ വിഭാഗവും അതുവഴി വോട്ട് ബാങ്കുമാണെന്നതാണ് കാര്യം. ആ സ്വാര്‍ഥലക്ഷ്യത്തിനപ്പുറം കടന്നു കാര്യങ്ങളെ കാണാനും വിലയിരുത്താനുമുള്ള ചിന്താശക്തിയും വിവേകവുമുള്ളവര്‍ക്കേ രാജ്യത്തേ മുന്‍നിര്‍ത്തി ചിന്തിക്കാന്‍ കഴിയൂ. അതാണ് ബിജെപിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.
ശാന്തമായിരുന്ന കശ്മീര്‍ താഴ്വര ബിജെപി ഭരണത്തില്‍ അസ്വസ്ഥമായി എന്നുമുണ്ട് ഒരാരോപണം. ഒരു വിഭാഗം ചെയ്യുന്ന ക്രൂരതയെ ആരും എതിര്‍ക്കാതിരിക്കുകയും അവരുടെ ചെയ്തികള്‍ മൂടിവയ്ക്കുകയും ചെയ്താല്‍ എല്ലാം ശാന്തമാണെന്നു പുറമേ തോന്നും. തന്റേടമുള്ളവര്‍ ആ പ്രവര്‍ത്തിയെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമ്പോഴാണ് സംഘര്‍ഷമുണ്ടാവുക. അതാണു കശ്മീരിലും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: