നടുവില്‍: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാലക്കടംതട്ടിന് സമീപത്തെ പുല്ലംവനത്തില്‍ നടക്കുന്ന മലയിടിക്കല്‍ പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ പുലിക്കുരുമ്പ പുല്ലംവനത്തെ ചെങ്കുത്തായ മലയാണ് ക്വാറി മാഫിയാ സംഘം ഇടിച്ച് നിരപ്പാക്കുന്നത്. ഇവിടെ ക്വാറി സ്ഥാപിക്കാനായി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഇവിടെയാണ് മല ഇടിച്ചു നിരത്തുന്നത്. ഏത് നിമിഷവും ഉരുണ്ടിറങ്ങാനിടയുള്ള കൂറ്റന്‍ പാറക്കെട്ടിന് ചുവട്ടില്‍ വന്‍തോതില്‍ മലയിടിച്ച് മണ്ണ് മാറ്റുകയും പത്ത് മീറ്ററോളം ആഴമുള്ള വലിയ കുഴി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ ഇവിടെ മണ്ണിടിച്ചല്‍ ഉണ്ടായിരുന്നു. കുഴിയിലെ വെള്ളക്കെട്ട് ഉരുള്‍പൊട്ടലിന് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. മലയുടെ താഴ്‌വാരത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. ഇതുകൂടാതെ ക്ഷേത്രം, പള്ളി, അംഗണവാടി, സ്‌കൂള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. 40 ഡിഗ്രിയിലേറെ ചെരിവുള്ള ഇവിടെ നിരവധി തവണ ഉരുള്‍പൊട്ടലുണ്ടാവുകയും വലിയ കൂറ്റല്‍ കല്ലുകള്‍ ഉരുണ്ടിറങ്ങി നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം, അയ്യന്‍മട ഗുഹ എന്നിവയുടെ സമീപത്താണ് മലയിടിക്കുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുകയും മലയിടിക്കുകയും ചെയ്യുന്നത്. കരിങ്കല്‍ ക്വാറിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുവാദം ലഭിച്ചിട്ടില്ല. ക്വാറിക്കെതിരെ നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥര്‍ ക്വാറി മാഫിയക്ക് ഒത്താശ ചെയ്താണ് ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്യുന്നത്. മലയിടിച്ച് നിരത്തലും മണ്ണ് മാന്തലും പുലുക്കുരുമ്പ മേഖലയിലെ നൂറു കണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയാണ്.
















