ആലപ്പുഴ: നാളികേര കര്‍ഷകരുടെ പ്രതീക്ഷയായിരുന്ന നീര ഉത്പാദനം സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലം പ്രതിസന്ധിയില്‍. വിപണി കണ്ടെത്താന്‍ കഴിയാതെ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നീര ഉത്പാദന രംഗത്തെ പ്രധാന കമ്പനിയായ കഞ്ഞിക്കുഴിയിലെ കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനിയുടെ ദുരവസ്ഥ ഈ മേഖലയുടെ പ്രതിസന്ധി വ്യക്തമാക്കുന്നു.
ഇവിടുത്തെ ഉത്പ്പാദനം 800 ലിറ്ററില്‍ നിന്ന് 20 ലിറ്ററിലേക്ക് ഇടിഞ്ഞു. കെഎഫ്സിയില് നിന്ന് കരപ്പുറം നാളികേര ഉല്‍പ്പാദന കമ്പനി എടുത്ത 1.75 കോടി രൂപയുടെ തിരിച്ചടവ് മാസങ്ങളായി മുടങ്ങി. 80 നീര ടെക്നീഷ്യന്മാര് ഉണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ രണ്ടു പേര് മാത്രമാണ് ഉള്ളത്. കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേഖല സിപിഎസുകള്‍ കര്‍ഷകരില്‍ നിന്ന് നീര ശേഖരിക്കുന്നത് നിര്‍ത്തി. കമ്പനിയില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് പണം നല്കാന് ഇവര്‍ക്ക് കഴിയുന്നില്ല.
കഞ്ഞിക്കുഴി ബ്ലോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കരപ്പുറം കമ്പനിക്ക് 164 സിപിഎസുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. നിലവില്‍ നാലു സ്ഥലത്ത് മാത്രമാണ് പ്രവര്‍ത്തനം ഉള്ളത്. കര്‍ഷകര്‍ക്ക് ഒരു ലിറ്ററിന് 30 രൂപയും ടെക്നീഷ്യന് 40 രൂപയുമാണ് ലഭിച്ചിരുന്നത്. മാസം 1500 രൂപ വരെ ഒരു തെങ്ങില്‍ നിന്ന് കര്ഷകന് ലഭിച്ചിരുന്നു. ചെലവു താങ്ങാന്‍ കഴിയില്ലെന്നു കണ്ടു ടെക്നീഷ്യനു 30 രൂപയും കര്ഷകന് 20 രൂപയുമാക്കി കുറച്ചതോടെ ടെക്നീഷ്യന്മാര് പലരും ജോലി ഉപേക്ഷിച്ചു.
ആവശ്യമായ പ്രചാരണം നല്‍കാനും വിപണനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് നീരയുടെ വില്‍പ്പനയെ ബാധിച്ചത്. നിലവില്‍ ആറ് കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് കമ്പനികളുളളത്. കഞ്ഞിക്കുഴിയില്‍ 2500 ലിറ്റര്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന പ്ലാന്റില്‍ ഇതുവരെ 800 ലിറ്ററില്‍ കൂടുതല്‍ ഉല്പ്പാദിപ്പിക്കുവാന് കഴിഞ്ഞിട്ടില്ല.
മൂല്യവര്‍ധിത ഉല്പന്നങ്ങളായ ചക്കര, തേന്‍, മിഠായി, വിനാഗിരി എന്നിവയും നിര്‍മിച്ചിരുന്നു. നീര കുറഞ്ഞതോടെ ഇവയുടെ ഉല്പാദനവും പ്രതിസന്ധിയിലായി. നീര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിച്ചു കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പു കൂടുതല്‍ സഹായം ചെയ്യണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: