ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ വെള്ള സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് പ്രിയമേറുന്നു. കുരുമുളകിന് താങ്ങുമരങ്ങളായിട്ടാണ് സില്‍വര്‍ ഓക്ക് മരങ്ങള്‍ കടന്ന് വന്നിരിക്കുന്നത്. കാലങ്ങളായി മുരിക്കും കൊന്നയുമായിരുന്നു കുരുമുളകിന് സംരക്ഷണവും താങ്ങും നല്‍കിയിരുന്നത്. ഇവയ്ക്ക് രോഗങ്ങള്‍ പിടിപെടാന്‍ തുടങ്ങിയതോടെയാണ് വെള്ള സില്‍വര്‍ ഓക്ക് മരങ്ങള്‍ കടന്നുവന്നത്.
ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകരുടെ പ്രധാന പ്രശ്നമാണ് താങ്ങ് കാലുകള്‍ക്ക് ഉണ്ടാകുന്ന രോഗബാധ. കാലാവസ്ഥാ വ്യതിയാനമാണ് മുരിക്കുകള്‍ ഉണങ്ങി നശിക്കുവാന്‍ കാരണം. മുരിക്കും കൊന്നയുമൊക്കെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ കുരുമുളകിന് താങ്ങുകാലായി ഇടാറുള്ളത്. താങ്ങുകാലുകള്‍ പത്തടിയോളം വളരുമ്പോള്‍ രോഗം ബാധിച്ച് നശിക്കുകയും കുരുമുളക് ചെടിയും ഇതോടൊപ്പം നാമവശേഷം ആകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വെള്ള സില്‍വര്‍ ഓക്ക് തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത്.
കനകക്കുന്ന് അക്ഷയ കാര്‍ഷിക നഴ്സറി നടത്തുന്ന ബെന്നി പൂന്തുരുത്തില്‍ ആണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കൃഷിയിടത്തില്‍ വെള്ള സില്‍വര്‍ ഓക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചത്. കുരുമുളക് ചെടി നട്ടതിന് പിന്നാലെ വെള്ള സില്‍വര്‍ ഓക്ക് താങ്ങുകാലിനായി നട്ടുപിടിപ്പിച്ചു. അത് പൂര്‍ണ വിജയവുമായിരുന്നു. ഇതുമൂലം ഉല്പാദന ക്ഷമതയും കൂടുന്നുണ്ട്.
കുരുമുളക് തൈയ്ക്കൊപ്പം നടാം, പെട്ടെന്ന് വളരുമെങ്കിലും മൂന്ന് വര്‍ഷത്തേയ്ക്ക് ഇതിന്റെ ശിഖരങ്ങള്‍ കോന്താറില്ല, മറ്റ് മരങ്ങളെപ്പോലെ കേടില്ല, കൊടിയുടെ വേരുകള്‍ എളുപ്പം പിടിയ്ക്കും, 30 അടിയോളം കൊടി ഈ മരത്തില്‍ കയറ്റി വിടാനാകും. കൊടിയുടെ ആയുസ് കഴിയുമ്പോള്‍ വെട്ടി വിറ്റാലും നല്ല വില ലഭിക്കും, കാറ്റ് പിടിച്ച് ഒടിയാനുള്ള സാധ്യത കുറവ്- ഇങ്ങനെ പോകുന്നു സവിശേഷതകള്‍.
ഇതുകൊണ്ട് തന്നെ വെള്ള സില്‍വര്‍ ഓക്ക് ആണ് കുരുമുളകിന് അനുയോജ്യമായ താങ്ങുമരമെന്ന് ബെന്നി പൂന്തുരുത്തില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിടം ഇതിന് ഉത്തമ ഉദാഹരണമാണ്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം കണ്ടതിന് ശേഷം വെള്ള സില്‍വര്‍ ഓക്കില്‍ കുരുമുളക് ചെടികള്‍ വളര്‍ത്തുന്നത്. വെള്ള സില്‍വര്‍ ഓക്ക് തൈകള്‍ വില്പനയ്ക്കായി ഇദ്ദേഹത്തിന്റെ നഴ്സറിയില്‍ തയാറാക്കി വരികയാണ്. അസ്ത്രേലിയന്‍ വംശജനായ സില്‍വര്‍ ഓക്കിന് പ്രധാനമായും രണ്ട് തരം മരങ്ങള്‍ ഉണ്ടെങ്കിലും വെള്ളയാണ് ഏറ്റവും അനുയോജ്യം. ഉണക്കിനെ അതിജീവിക്കുകയും മഴ കൂടുതലുള്ളിടത്ത് വളരുമെന്നതും എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.
സല്‍ജി പി.എന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: