സര്‍ക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പു മന്ത്രിയും അവസാന ആശ്വാസം എന്ന മട്ടില്‍ പ്രഖ്യാപനം നടത്തി കൈയ്യൊഴിഞ്ഞു,നിപ്പ നിയന്ത്രണ വിധേയം. ഇതുമായി ബന്ധപ്പെട്ടവര്‍ മന്ത്രിയെ അറിയിച്ചതാവണം മന്ത്രിയുടെ പ്രഖ്യാപനമായി വന്നത്.പകര്‍ച്ച വ്യാധിക്കാലത്തെ കേരളം മുന്‍പ് എങ്ങനെയായിരുന്നു എന്നതിനേക്കാള്‍ ഭീതിതാവസ്ഥയിലായിരുന്നു നിപ്പ ആശ്ങ്കയില്‍ നാട്. കേരളത്തില്‍ പലയിടങ്ങളിലും ജനജീവിതം തന്നെ സ്തംഭിക്കുകയുണ്ടായി. പരസ്പരം കാണാനും മിണ്ടാനുംപോലും ഭയന്ന് ഒരുതരം ഒളി ജീവിതംപോലെ. പകര്‍ച്ച വ്യാധികളുണ്ടായിരുന്ന മുന്‍കാലങ്ങളിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഇവിടത്തെ രീതി. അതിനിടയില്‍ കുറെപ്പേര് മരിക്കും. ചിലര്‍ ഗുരുതരരോഗം ബാധിച്ച് അതില്‍നിന്നും പിന്നീട് രക്ഷപെടും. അവസാനം സര്‍ക്കാര്‍ പേടിക്കാനില്ലെന്ന് പ്രഖ്യാപിക്കും. ഇങ്ങനെ പ്രഖ്യാപിക്കാന്‍ മാത്രം ഒരു സര്‍ക്കാരും മന്ത്രിയും വേണമെന്നായിരിക്കും ഭരിക്കുന്നവര്‍ക്കു നിര്‍ബന്ധം.
നിപ്പ വൈറസ് ഒതുങ്ങി എന്നതുകൊണ്ടു മാത്രം അതുയര്‍ത്തിയ ശേഷിപ്പുകള്ക്കിയില് മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അവസാനിക്കുന്നില്ല. ഈ രോഗം എവിടെന്ന് എങ്ങനെ വന്നു. ഇനിയും ഇതിനുള്ള സാധ്യതകള്‍ വിദൂരമായെങ്കിലുമുണ്ടോ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. ഗുരുതരമായി രോഗം ബാധിച്ചശേഷം തിരിച്ചു വന്നവരുടെ അവസ്ഥ എന്താണ്. നിപ്പ ഉണ്ടായപ്പോള്‍ നമ്മുടെ ആരോഗ്യ വകുപ്പും സര്‍ക്കാരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും എങ്ങനെയാണ് പ്രവര്‍ത്തിച്ചത്. നമ്മുടെ ആരോഗ്യവകുപ്പിന് യഥാര്‍ഥത്തില്‍ ആരോഗ്യമുണ്ടോ. ഇത്തരം പകര്‍വ്യാധികള്‍ വരുമ്പോള്‍ എങ്ങനെയായിരിക്കും സര്‍ക്കാര്‍ ഇനി പ്രവര്‍ത്തിക്കുക തുടങ്ങി അതിഗൗരവമുള്ള നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.
നിപ്പയുമായി ബന്ധപ്പെട്ട് ആളുകള്‍ മരിക്കുകയും ജനം ഭയവിഹ്വലരായി സ്തംഭിച്ചിരിക്കുകയും ചെയ്തപ്പോള്‍ പൊതുവെ നിദ്രാവസ്ഥയിലായ ആരോഗ്യവകുപ്പ് കണ്ണു ചിമ്മിത്തുറന്ന് എന്തെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അവസരം മുതലാക്കി നിപ്പ എന്ന് ആദ്യമായി കേള്‍ക്കുന്നവനും ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാതെ ഓരോന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പലപ്പോഴും ജനത്തെ ഭയപ്പെടുത്തി.ചില ഡോക്ടര്‍മാര്‍ ആധികാരികതയില്ലാതെ തങ്ങളുടെ നിര്ബന്ധബുദ്ധികളുമായി ചാനലുകളിലും പത്രങ്ങളിലും പടമായും വാര്‍ത്തയായും നിറയുന്നുണ്ടായിരുന്നു. സര്‍ക്കാരിനും പ്രത്യേകിച്ച് ആരോഗ്യവകുപ്പിനും അത്രയ്ക്ക് പണിയൊന്നുമുണ്ടായിരുന്നില്ല. വകുപ്പിലെ അധികൃതര്‍ പറയുന്നതും എഴുതിക്കൊടുക്കുന്നതും മാത്രം ആരോഗ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നു. എന്തും ഗുരുതരമാകുമ്പോഴും ആള്ക്കാര് മരിക്കുമ്പോഴും മാത്രം ഉണരുന്നതാണ് നമ്മുടെ ആരോഗ്യവകുപ്പ്. ഇനിയും ഇത്തരം ഗുരുതരം വരുമ്പോഴായിരിക്കും വകുപ്പ് കണ്ണുതുറക്കുക. വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത തനി രാഷ്ട്രീയക്കാരിമാത്രമായ ഇത്തരം മന്ത്രിമാരെ കിട്ടുക എന്നത് നമ്മുടെ ദൗര്‍ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍.
നിപ്പയുടെ പേരില്‍ ബലിയാടായത് പാവം വവ്വാലുകള്‍ .അതില്‍നിന്നും അവയ്ക്ക് മോചനം കിട്ടാനും വേണ്ടി വന്നു ദിവസങ്ങള്‍. പരിശോധിച്ച് രോഗങ്ങളുടെ നിജസ്ഥിതി അറിയാന്‍ അന്യ സംസ്ഥാനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. ഫലങ്ങള്‍ കിട്ടണമെങ്കിലോ ആഴ്ചകള്‍പോലും എടുക്കുമെന്ന ദുര്‍ഗതി വേറേയും. അതിനിടയില്‍ രോഗിയുടെ ജീവന് പോയെന്നുവരും. എബോള കണ്ടെത്തിയത് ആഫ്രിക്കയിലെ എബോള എന്ന നദീതീരത്തുനിന്നും വന്ന ആളില്നിന്നായിരുന്നെന്നും മലേഷ്യയിലെ നിപ എന്ന സ്ഥലത്തുനിന്നും വന്നവരിലാണ് ആ രോഗം കണ്ടതെന്നും പറയാമെന്നല്ലാതെ നിപയെക്കുറിച്ച് മറ്റൊന്നും കൂടുതല്‍ അറിയില്ല. ഇനി അറിഞ്ഞിട്ടും കാര്യമില്ല. അത്തരം അറിവുകള്‍ സൗകര്യപൂര്‍വം മറക്കാന്‍ പഠിക്കുന്ന നമുക്ക് അടുത്ത പകര്‍ച്ചവ്യാധി വരുംവരെ സുഖമായി ഉറങ്ങാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: