കൊച്ചി : ചെങ്ങന്നൂരിലെ ഇടതുപക്ഷ വിജയം മുന്കൂട്ടിക്കാണാന് കഴിയാത്ത മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. ഒപ്പം ഇത്രയെല്ലാം ജനദ്രോഹങ്ങള്‍ ചെയ്തിട്ടും വിജയിച്ചതില്‍ അഭിമാനിക്കുന്ന സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ ദ്രോഹങ്ങള്‍ മറന്ന് ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച ചെങ്ങന്നൂര്‍ വോട്ടര്‍മാരെയും വിമര്‍ശിച്ച് പത്രപ്രവര്‍ത്തകനാണ് പ്രതികരിച്ചിരിക്കുന്നത്.
ദേശാഭിമാനിയില്‍ ലേഖകനായിരുന്ന ജി. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റിറ്റിലാണ് വിമര്‍ശനം. നര്‍മം പൊതിഞ്ഞ പോസ്റ്റ് ഇങ്ങനെ :
” ചെങ്ങന്നൂരിലെ അത്യുജ്ജ്വലമായ ഇടതുപക്ഷ തരംഗം എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ കാണാതെ പോയത്? മാധ്യമങ്ങള്‍ക്കും സ്വയംവിമര്‍ശനം ആവിശ്യമായിരിക്കുകയല്ലേ? മധ്യകേരളത്തിലെ പരമ്പരാഗതമായ വലതു തട്ടകമായ ചെങ്ങന്നൂര്‍ ആ ചരിത്രം തിരുത്തി എഴുതുകയാണെന്ന് വോട്ടെടുപ്പിന് ശേഷം പോലും തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് വിസ്മയകരം തന്നെ!
സത്യത്തില്‍ ഒരു മുന്‍വിധിയുടെ ആലസ്യത്തിലായിരുന്നു മാധ്യമങ്ങള്‍. എന്നാല്‍ എറണാകുളത്തെ മീഡിയ അക്കാദമിയിലെ ചുണക്കുട്ടികളായ വിദ്യാര്‍ഥികള്‍ ചെങ്ങന്നൂരില്‍ വോട്ടെടുപ്പിന് ശേഷം വീടുവീടാന്തരം നടത്തിയ സര്‍വെയില്‍ എല്‍ ഡി എഫ് വിജയം ഉറപ്പാണെന്ന് പ്രവചിച്ചിരുന്നതായാണ് അറിയുന്നത്. ആ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യം മലയാളത്തിലെ വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍ക്ക് അറിയാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാവും. ഒരു ചേരിക്ക് ഒപ്പം ചേര്‍ന്ന് നിന്ന് നടത്തിയ ഏകപക്ഷീയ വിലയിരുത്തലുകള്‍ക്ക്, ജനങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞില്ല. മറുപക്ഷത്തെ ഊര്‍ജ്ജസ്വലമായ കരുനീക്കങ്ങള്‍ കരുതിക്കൂട്ടിയോ അല്ലാതെയോ മാധ്യമങ്ങള്‍ അവഗണിച്ചു. സ്വന്തം വിശ്വാസ്യതയുടെ കണക്ക് ജനങ്ങളും എടുക്കുന്നുണ്ടെന്നു കാണാന്‍ മാധ്യമങ്ങളുടെ ഉടമകള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞില്ല.
കേരളത്തില്‍ സമീപകാലത്തൊന്നും ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തെ നടുക്കിയ സംഭവ പരമ്പരകളുടെ ആഘാതം തെല്ലും ഉലയ്ക്കാത്ത അരലക്ഷത്തിലേറെ മനുഷ്യ മനസ്സുകള്‍ തങ്ങള്‍ക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്ന് കാണാന്‍ കഴിയാത്തവരെ എങ്ങിനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വിളിക്കുക? ഏതെങ്കിലും ഒരു കോണിലോ പ്രദേശത്തോ ഉണ്ടായ പ്രതിഭാസമായിരുന്നില്ല ഇത്. സര്‍വ തല സ്പര്ശിയായിരുന്നു. തീവണ്ടിയില്‍ ബസ്സില്‍ ഓട്ടോ റിക്ഷയില്‍ തിയറ്ററുകളില്‍ ഓഫീസ്സുകളില്‍ എല്ലാം ഈ മാധ്യമപ്രവര്‍ത്തകര്‍ കണ്ടുമുട്ടിയവരാണ് ഇവരെല്ലാം. അവരുടെ രാഷ്ട്രീയ ചായ്വ് ഒഴികെ ബാക്കിയെല്ലാം കണ്ടെത്താന്‍ അവര്‍ നിപുണരായിരുന്നു. പക്ഷെ മാധ്യമ പ്രവര്‍ത്തനത്തിന് മാത്രം കൊള്ളാത്തവര്‍.
ചെങ്ങന്നൂരിലെ സ്ത്രീസമൂഹം കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ സ്ത്രീ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ക്രൂരതകളോട് നിസ്സംഗതയോടെയാണ് നില്‍ക്കുന്നതെന്ന് കാണാന്‍ അവിടെ തമ്പടിച്ചിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ടാണ് കാണാന്‍ കഴിയാതെ പോയത്? അവരുടെയെല്ലാം വീടുകളില്‍ തുറന്നു വെച്ചിരിക്കുന്ന ടെലിവിഷനിലെ ഹൃദയ ഭേദകമായ ദൃശ്യങ്ങളോ അവരുടെ വീട്ടു മുറ്റങ്ങളില്‍ ഓരോ പ്രഭാതത്തിലും ചെന്ന് വീഴുന്ന പത്ര മാസികകളോ അവരില്‍ മഹാഭൂരിപക്ഷത്തിലും ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും മണത്തറിയാതെ പോയത് അവര്‍ ദന്തഗോപുരങ്ങളില്‍ കഴിഞ്ഞവരായത് കൊണ്ടാണോ? ഈ മാധ്യമ പ്രവര്‍ത്തനം കൊണ്ട് എന്താ പ്രയോജനം? കഴിയാത്തവര്‍ ഉചിതമായ മറ്റ് മേഖലകള്‍ തിരഞ്ഞെടുക്കുകയാണെന്ന് നല്ലതെന്ന് പറഞ്ഞാല്‍ പരിഭവിക്കരുത് സുഹൃത്തുക്കളേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: