ഒരു മുണ്ടും ഷര്‍ട്ടും മാത്രമായിരുന്നു മിസോറാമിലേക്ക് പുറപ്പെടാനിരിക്കെ കുമ്മനത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. കേന്ദ്ര നേതാക്കളെ കണ്ടതിന് ശേഷം പിറ്റേ ദിവസം ചുമതലയേറ്റെടുക്കുന്നതിനായി വൈകിട്ട് തന്നെ പുറപ്പെടേണ്ടിയും വന്നു. ഒടുവില്‍ നേതാക്കള്‍ തന്നെ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തു.
പരിവാരങ്ങളുടെയും അനുയായിവൃന്ദങ്ങളുടെയും അകമ്പടിയും ഉണ്ടായിരുന്നില്ല. മിസോറാമിലേക്ക് ദല്‍ഹിയില്‍നിന്നും കൂടെയുണ്ടായിരുന്നത് ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥനും മിസോറാം പ്രഭാരി പവന്‍ ശര്‍മ്മയും ഉള്‍പ്പെടെ നാല് പേര്‍ മാത്രം. രണ്ടര വര്‍ഷം മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നതിന് കേന്ദ്ര നേതൃത്വം ദല്‍ഹിക്ക് വിളിപ്പിച്ചപ്പോഴും അദ്ദേഹം എത്തിയത് ഒറ്റയ്‌ക്കായിരുന്നു. കുടുംബാംഗങ്ങളും അനുയായികളുമൊക്കെയായി വലിയ പട തന്നെയെത്തുന്ന ചടങ്ങുകള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. കുമ്മനത്തെപ്പോലെ ലളിതമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങും.
ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പരിപാടി അവസാനിച്ചു. ആഡംബരങ്ങളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ നഗരത്തിലെ വഴിയരികില്‍ പുതിയ ഗവര്‍ണറെ കാണാന്‍ ആളുകള്‍ കാത്തുനിന്നു.
















