നാസിക്: അതികഠിനമായ വയറുവേദനയെ തുടര്‍ന്നാണ് യോഗേഷ് യെവ്‌ലെ എന്ന നാല്‍പ്പത്തിമൂന്നുകാരന്‍ നാസികിലെ ലാപ്രോസ്‌കോപ്പിക് സര്‍ജനായ ഡോ. അമിത് ശരത് കേലെയെ കാണാനെത്തിയത്. പരിശോധനകള്‍ക്കൊടുവില്‍ വയറുവേദനയുടെ കാരണം കണ്ടെത്തി. പിത്താശയക്കല്ല്. ഒട്ടും വൈകാതെ ശസ്ത്രക്രിയ നടത്തി. പുറത്തെടുത്തത് ഒന്നും രണ്ടുമല്ല, 4,100 പിത്താശയക്കല്ലുകള്‍. ഓരോന്നും മൂന്നു മുതല്‍ നാലു മില്ലീമീറ്റര്‍ വരെ വ്യാസമുള്ളവ. നാലുമണിക്കൂറെടുത്തു ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍. കല്ലുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ രണ്ട് ആശുപത്രി ജീവനക്കാരെ നിയോഗിച്ചു. എണ്ണി തീര്‍ക്കാനെടുത്ത സമയം രണ്ട് മണിക്കൂര്‍. നാസികില്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് നടത്തുകയാണ് യോഗേഷ്.
അമിതവണ്ണം, പ്രമേഹം, ക്രമം തെറ്റിയുള്ള ഭക്ഷണം, കൊളസ്‌ട്രോള്‍ ഇവയൊക്കെയാണ് പിത്താശയക്കല്ലിന് കാരണമെന്നാണ് ഡോക്ടര്‍ കേലെ പറയുന്നത്.
കൂടുതലും കണ്ടുവരുന്നത് സ്ത്രീകളില്‍. അസുഖം പെട്ടെന്നൊന്നും തിരിച്ചറിയാനാവില്ല. വയറുവേദന അസഹ്യമാകുമ്പോഴാണ് പലരും ഡോക്ടറെ കാണാനെത്തുക. ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി. ആയിരത്തിലൊരാള്‍ക്ക് എന്ന കണക്കില്‍ ഇത് ക്യാന്‍സറായി മാറാറുണ്ട്.
ഏറ്റവും കൂടുതല്‍ പിത്താശയക്കല്ലുകളെടുത്തു മാറ്റിയതിനുള്ള ലോക റെക്കോഡും ഒരു ഇന്ത്യന്‍ ഡോക്ടറുടെ പേരിലാണ്. 2015 ല്‍ ബംഗാളിയായ ഡോ. എം. എല്‍. സാഹ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 11,950 പിത്താശയക്കല്ലുകളായിരുന്നു.
















