കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട കെവിൻ ക്രൂരമർദ്ദനത്തിനിരയായതായി റിപ്പോർട്ട്. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെയാണ് തോട്ടില്‍നിന്നും മൃതദേഹം കണ്ടെത്തിയത്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകള്‍ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോയവർ ഡിവൈഎഫ്ഐ അനുഭാവികളാണെന്നും റിപ്പോർട്ടുണ്ട്. ഇവരിൽ ഒരാൾ പിടിയിലാകുകയും മറ്റുള്ളവർ ഒളിവിലുമാണ്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനേയും, എഎസ്‌ഐയേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനു പിന്നാലെ കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
കെവിന്റെ ഭാര്യ നീനു നല്‍കിയ പരാതി അവഗണിച്ചതിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കര്‍ശന നടപടി ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ യുവതിയോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടിന്റെ അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞ് നോക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. തുടര്‍ന്ന് നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചിരുന്നു.
ഞായാറാഴ്ച പുലര്‍ച്ചെ മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബും ആദ്യം പോലീസി് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചിരുന്നില്ല. നീനുവെത്തിയതിനു പിന്നാലെ സംഭവം മാധ്യമവാര്‍ത്ത ആയതോടെയാണ് പോലീസ് കേസെടുക്കുന്നത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
















