തളിര്ത്തുനില്ക്കുന്ന മുന്തിരിവളളികള്‍ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്റ്റേറ്റ് എന്നീ അവയവങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയില്‍ വന്‍സാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിര്‍ത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസിലോ ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയും പതിവായി.
സാധാരണ വിപണിയില്‍ സാധ്യതയുള്ള ഇനമായ ബെംഗളൂര് പര്‍പ്പിള്‍ ആണ് വീട്ടുവളപ്പിലെ കൃഷിക്കനുയോജ്യം. കേരളത്തില്‍നിന്ന് കിഴക്കോട്ട് പോയാല്‍ ഈയിനത്തെ ചാണദ്രാക്ഷ എന്ന് വിളിക്കുന്നു. നീല കലര്‍ന്ന കറുപ്പും ഉരുണ്ട വിത്തുമാണ് ഇതിന്റെ പ്രത്യേകത. ഈയിനം പഴമായും ജ്യൂസിനായും ഉപയോഗിച്ചുവരുന്നു. എല്ലാക്കാലത്തും നടാവുന്നതാണ് മുന്തിരി. എന്നാല്‍ ഈയിനം മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയില്‍ വളരുന്നു. വെയില് ധാരാളമായി ലഭ്യമാകുന്ന സ്ഥലത്താണ് മുന്തിരി കൃഷി മികച്ച വിളവ് നല്‍കുന്നത്. ടെറസ്സില്‍ ആണെങ്കില്‍ ചട്ടികളിലോ ബാഗുകളിലോ നടാം. നടുന്നതിന് മുമ്പ് ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, മണ്ണിരവളം ഇവയിലേതിലെങ്കിലും ഒന്ന് മണ്ണില്‍ കലര്‍ത്തി കുതിര്‍ക്കണം. ശേഷം കാര്‍ഷിക സംരംഭങ്ങളില്‍ നിന്ന് വാങ്ങുന്ന ഒരടിവരെ പൊക്കമുള്ള തൈ ശ്രദ്ധയോടെ വേര് പൊട്ടിപ്പോകാതെ മണ്ണില്‍ കുഴിയുണ്ടാക്കി നടണം. താങ്ങിനിര്‍ത്താനായി കമ്പ് കുത്തി നിര്‍ത്തണം. ചെറിയ തോതില്‍ ദിവസേന ജലസേചനം നടത്താം. അങ്ങനെ മുറ്റത്ത് കുറേയധികം തൈകള്‍ നട്ട് താങ്ങുകൊമ്പുകള്‍ കൊണ്ട് പന്തല്‍ ഉണ്ടാക്കാം.
കൃഷിസ്ഥലം ടെറസ്സിലാണ് ഒരുക്കുന്നതെങ്കില്‍ വള്ളികള്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരംവരെ പൊക്കി വളര്‍ത്തിക്കൊണ്ടു വരണം. മികച്ച പരിചരണത്തിന് വേണ്ടിയാണ് പന്തലുകള്‍ ഈ രീതിയില്‍ ക്രമീകരിക്കുന്നത്.
വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇലപ്പടര്‍പ്പുകളില്‍ വരുന്ന പാഴ്വള്ളികള്‍ പറിച്ച് കളയണം. പല ശിഖരങ്ങളായി പടര്‍ന്നു വളരാന്‍ മുന്തിരി വളളിയുടെ തലപ്പ് നുള്ളിവിടേണ്ടത് ആവശ്യമാണ്. ഇതിനെ പ്രൂണിങ്ങ് അഥവാ കവാത്ത് എന്ന് പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഒരു വളളി വളര്‍ന്ന് 10 മാസം കൊണ്ട് ഒരു സെന്റ് വരെ വളരും. അങ്ങനെ വളര്‍ന്ന എല്ലാ വള്ളികളുടെയും തലപ്പ് ഒരടി നീളത്തില്‍ നുള്ളി വിടുകയും, ഇലകള്‍ അടര്‍ത്തി മാറ്റുകയും വേണം. ശേഷം ഒരു മാസത്തിനുള്ളില്‍ പുതിയ തളിരിലകളിടുകയും ഇളം പച്ച നിറത്തില്‍ പൂക്കള്‍ വരുകയും ചെയ്യുന്നു. വീണ്ടും ഒരടി തലപ്പ് വളരുമ്പോള്‍ നുള്ളി വിടണം.
ശേഷം ഇലകള്‍ അടര്‍ത്തിയെടുക്കുന്നു. തളിരിലകളുടെ കൂടെ സ്പ്രിങ് പോലെയുള്ള വളളികളും വരുന്നു. അതിനെയും യഥാസമയം നുള്ളി കളയണം. അങ്ങനെ പന്തലില്‍ വള്ളി മാത്രം ഉണ്ടാവുന്നു. ഈ വള്ളികളിലെ പൂക്കള്‍ പൂത്തുകായ്ച്ച് നാലുമാസം കൊണ്ട് കായകള്‍ പറിക്കാന്‍ പാകമാകുന്നു. പഴുത്ത മുന്തിരികള്‍ മാത്രമേ പറിക്കാവൂ. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും ആ വള്ളികളില്‍ തന്നെ കൃഷി തുടങ്ങിയാല്‍ പത്ത് മാസത്തിനുളളില്‍ മൂന്നു തവണ വരെ വിളവെടുക്കാം. പഴങ്ങളെ കിളികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ പന്തലിന് മുകളില്‍ വല വലിച്ചുകെട്ടാവുന്നതാണ്. ശാസ്ത്രീയമായ രീതിയില്‍ പരിചരിച്ചാല്‍ 20 വര്‍ഷത്തില്‍ കൂടുതല്‍വരെ മുന്തിരി വള്ളികള്‍ നിലനില്ക്കുന്നു.
മുന്തിരി കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍, ഒരു മാസത്തില്‍ ഒരു തവണ എന്ന കണക്കിനുസരിച്ച് ഒരു തൈയ്ക്ക് കാല്‍ക്കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചെടിക്ക് ചുവട്ടില്‍ മണ്ണ് കുഴിച്ച് അതിലിട്ട് മൂടണം. കടലപ്പിണ്ണാക്ക് ഉറുമ്പ് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മൂടിയിടേണ്ടത് ആവശ്യമാണ്. കൂടാതെ കീടശല്യം ഒഴിവാക്കാനായി വേപ്പിന് പിണ്ണാക്കും ചേര്‍ക്കാം. അറുപതു ദിവസത്തിലൊരിക്കല്‍ ജൈവവളവും ചാണകം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും ഇട്ടുകൊടുക്കാം.
മുന്തിരി വളളികളെ അലട്ടുന്ന പ്രധാന രോഗങ്ങളാണ് ഇലമുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ. അതിനെ അകറ്റാന്‍ വെര്‍ഹകമ്പോസ്റ്റോടീയോ, ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തളിക്കാം. മണ്ണൊലിപ്പിനുളള സാധ്യതയുള്ളതിനാല്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം. മുന്തിരിയുടെ മധുരം വര്‍ധിപ്പിക്കാനായി വിളവെടുപ്പിന് ഒരാഴ്ച മുന്‍പ് മുതല്‍ ജലസേചനം ഒഴിവാക്കാം.
എണ്ണായിരത്തില്‍പ്പരം മുന്തിരിയിനങ്ങളാണ് ലോകത്തുള്ളത്. ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, കാളിസഹേബി, ഗുലാബി, തോംസസീഡ്ലസ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങളായാണ് മുന്തിരി കൃഷി കാണപ്പെടുന്നത്. ഒരു കിലോ മുന്തിരിക്ക് 80 മുതല്‍100 രൂപ വരെയാണ് മാര്‍ക്കറ്റ് വില. ഇനങ്ങള്‍ക്കനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കുന്നു. ഗ്രീന്‍ ഗ്രേപ്സിന് കിലോക്ക് 90 രൂപയും ബ്ലാക്ക് ഗ്രേപ്സിന് കിലോക്ക് 350 രൂപയും വൈറ്റ് ഗ്രേപ്സിന് ഒരു ടണ്ണിന് 25000 രൂപയിലധികവും വിപണിയില്‍നിന്ന് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: