ന്യൂദൽഹി: രാജ്യത്ത് മതത്തിന്റെയോ വർഗത്തിന്റെയോ പേരിൽ വിവേചനം നടക്കുന്നില്ലെന്നും അത്തരത്തിലുള്ള ചെയ്തികൾ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പ്രക്ഷുബ്‌ധമായിക്കൊണ്ടിരിക്കുന്നു അതിനാൽ 2019ലെ തെരഞ്ഞെടുപ്പിനു മുൻപ് നീണ്ട പ്രാർത്ഥനാ ചടങ്ങുകൾ നടത്തേണ്ടിയിരിക്കുന്നു എന്ന ദൽഹി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂദൽഹിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘തനിക്ക് ആർച്ച് ബിഷപ്പിന്റെ പ്രസ്താവന കാണാൻ സാധിച്ചില്ല, എന്നാൽ തനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും ഇന്ത്യയിൽ ഒരു മതത്തിന്റെയോ വർഗത്തിന്റെയോ പേരിൽ വിവേചനം നടക്കുന്നില്ല എന്നത്. ഇന്ത്യയിൽ ഇത്തരം വിവേചനങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ല’- രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിന് ഭംഗം വരുത്തുവാൻ കേന്ദ്ര സർക്കാർ ആരെയും അനുവദിക്കില്ല. രാജ്യത്തിന്റെ ഐക്യം, സ്വാതന്ത്യം, ധര്‍മ്മനീതി എന്നിവയ്‌ക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. സമൂഹത്തിന്റെ പരസ്പര വിശ്വാസവും, പൊരുത്തം, യോജിപ്പ് എന്നിവയെ ശക്തീകരിക്കുന്നതിൽ സർക്കാർ കഠിന പ്രയത്നം നടത്തുന്നുണ്ട്- കേന്ദ്രമന്ത്രി പറഞ്ഞു.
















