തിരുവനന്തപുരം: റെയില്‍വേയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി ബിഎംഎസ് ദേശീയ സമിതി അംഗം ബി. രാധാകൃഷ്ണന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേ കാര്‍മ്മിക് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണ റെയില്‍വേയുടെ ഭരണം നടത്തുന്നത് ഇടതു യൂണിയന്‍ നേതാക്കളാണ്. ജീവനക്കാരുടെ അവകാശങ്ങള്‍ എല്ലാം ഇവര്‍ തടഞ്ഞുവച്ച ശേഷം കുറ്റം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ജീവനക്കാരെ പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നു. യാത്രക്കാരെ ബുദ്ധമുട്ടിക്കുന്ന തരത്തില്‍ സര്‍വ്വീസുകള്‍ വൈകിപ്പിക്കുന്നു.
പാളത്തിലെ അറ്റകുറ്റ പണികള്‍ യഥാസമയം ചെയ്തു തീര്‍ക്കുന്നില്ല. ഇതിനെല്ലാം കാരണക്കാര്‍ റെയില്‍വേ മന്ത്രാലയം ആണെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും രാധാകൃഷ്ണന്‍ പറഞ്ഞു. ഡിആര്‍കെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേഷ്‌കുമാര്‍, ഡിആര്‍എംഎസ് വൈസ് പ്രസിഡന്റ് തുളസീധരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ശരവണരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
















