കൊച്ചി: മഹാത്മാ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികാഘോഷത്തില്‍ സിപിഎം സംഘടിപ്പിച്ച വില്ലുവണ്ടി യാത്ര കാപട്യമാണെന്ന് ഹിന്ദു ഐക്യവേദി. അധ:സ്ഥിത ജനവിഭാഗത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളെ സിപിഎം ഒരു കാലത്തും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. കേരളത്തില്‍ റഷ്യന്‍ വിപ്ലവത്തിനും വളരെ മുന്‍പ് തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നടത്തിയ അയ്യങ്കാളിയെ ഇഎംഎസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തമസ്‌കരിക്കുകയാണ് ചെയ്തതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു ആരോപിച്ചു.
ജാതി വിവേചനത്തിന്റെ പേരില്‍ ഹിന്ദു സമൂഹത്തില്‍ പരസ്പരം പകയോ വിദ്വേഷമോ വളര്‍ത്താതെയാണ് അയ്യങ്കാളി പ്രവര്‍ത്തിച്ചത്. എന്നാല്‍ സിപിഎം ജാതി സ്പര്‍ധ സൃഷ്ടിച്ച് ഹിന്ദു സമൂഹത്തെ പിളര്‍ത്താനാണ് ശ്രമിക്കുന്നത്. മതം മാറ്റം നിയമം മൂലം നിരോധിക്കണമെന്ന് ആദ്യമായി ശ്രീമൂലം പ്രജാ സഭയില്‍ ആവശ്യപ്പെട്ടത് അയ്യങ്കാളിയാണ്. 17 വര്‍ഷത്തിലേറെക്കാലം ശ്രീമൂലം പ്രജാസഭാ അംഗമായി പ്രവര്‍ത്തിച്ച അയ്യങ്കാളിയുടെ ആദരസൂചകമായി അന്നത്തെ അസംബ്ലി ഹാളായ വിജെടി ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേരു നല്‍കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം അംഗീകരിച്ച് സിപിഎം തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















