ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറ്റക്കേസില്‍. നിലവില്‍ ഏഴ് എംഎല്‍എമാര്‍ക്കെതിരേ കൂറുമാറ്റത്തിന് കോടതിയില്‍ കേസുണ്ട്. അവരുടെ വോട്ടവകാശം തടയപ്പെടുന്നതിനാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് ഇപ്പോള്‍ 109 വോട്ടുമാത്രം. ഭൂരിപക്ഷം തെളിയിക്കാന്‍ മെയ് 30 വരെ സമയവും.
ആകെ 222 സീറ്റിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 111 സീറ്റുവേണം കേവല ഭൂരിപക്ഷത്തിന്. ബിജെപിക്ക് 104 സീറ്റുണ്ട്. ഏഴ് വോട്ടുകൂടി വേണം.
എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദളില്‍നിന്ന് ഏഴ് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ ചേര്‍ത്തിരുന്നു. ഇവരില്‍ മൂന്നുപേര്‍ ഇത്തവണ ജയിച്ച് എംഎല്‍എമാരായി. അവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കുകയാണ്.
കേസ് ഈ മാസം 27ന് ഹൈക്കോടതിയില്‍ പരിഗണനയ്‌ക്ക് വരും. കൂറുമാറ്റ നിയമപ്രകാരം ഇവര്‍ അയോഗ്യരാണെന്നു വന്നാല്‍ ഇവരുടെ എംഎല്‍എ സ്ഥാനം അയോഗ്യമാകും. അതിനാല്‍ത്തന്നെ കേസ് തീരുന്നതുവരെ ഇവരെ നിയമസഭയില്‍ വോട്ടുചെയ്യാന്‍ അവകാശമില്ല, അഥവാ സ്പീക്കര്‍ക്കോ ഗവര്‍ണര്‍ക്കോ അനുവദിക്കാതിരിക്കാം.
അങ്ങനെ വരുമ്പോള്‍ ആകെ 219ന്റെ പകുതി 110 സീറ്റുമതി ഭൂരിപക്ഷം തെളിയിക്കാന്‍ ഏതു പാര്‍ട്ടിക്കും. ബിജെപിക്ക് 104 സീറ്റുണ്ട്.
രണ്ട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അവിടെ വോട്ടെടുപ്പ് 28നാണ്. ഒരു സീറ്റ് ബിജെപി ഉറപ്പിച്ചതാണ്. മറ്റൊന്നില്‍ ബിജെപി വിജയസാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍, ആ ഫലവും വരുന്ന മെയ് 30നാണ് വിശ്വാസവോട്ടെടുപ്പെങ്കില്‍, ആകെ 224 എംഎല്‍എമാരുടെ പകുതിയില്‍നിന്ന് മൂന്ന് കുറഞ്ഞ, 111 വോട്ട് ബിജെപി നേടണം. രണ്ട് ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ബിജെപി അംഗബലം 106 ആകും. അഞ്ചു പേരുടെ പിന്തുണകൂടി വേണം. രണ്ടിലും എതിര്‍കക്ഷികള്‍ ജയിച്ചാല്‍ ബിജെപിക്ക് ഏഴുപേരുടെ പിന്തുണകൂടിയേ കഴിയൂ.
അതിനിടെ സുപ്രീം കോടതിക്ക് നാളെ സമര്‍പ്പിക്കേണ്ട പട്ടികയുടെ കാര്യത്തില്‍ ബിജെപിക്ക് മേല്‍ക്കൈയുണ്ട്. ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പട്ടിക കോടതിയിലെത്തും. 104 പേരുടെ ഒപ്പിട്ട പിന്തുണപ്പട്ടികയാണ് ബിജെപിയുടേത്. കോണ്‍ഗ്രസും ജെഡിയുവും ചേര്‍ന്നു കൊടുത്തതില്‍ അത്രയും എംഎല്‍എമാരുടെ ഒപ്പില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പിന്തുണയില്ലെന്ന വിധി പുറപ്പെടുവിക്കേണ്ടിവരാം കോടതിക്ക്. എന്നാല്‍, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനം വിടാനും, വിശ്വാസവോട്ടെടുപ്പ് നടപടികളില്‍ പിഴവുണ്‌ടെങ്കില്‍ ഇടപെടാമെന്നു പറയാനുമായിരിക്കും സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ച് എംഎല്‍എമാര്‍ നിലവില്‍ എവിടെയാണെന്നറിയില്ല. അസുഖം മൂലം കോണ്‍ഗ്രസ്-ജെഡിയു ഒളിസങ്കേതത്തില്‍നിന്ന് ഒരാള്‍ പുറത്തുപോയിട്ടുണ്ട്.
















