ഉദ്വേഗത്താല്‍ നെഞ്ചുപിടക്കുകയും ഭയസംഭ്രമത്താല്‍ രക്തമുറയുകയും ചെയ്യുന്ന മലയാളത്തിലെ കുറ്റാന്വേഷണ കഥകളുടെ പിതാവെന്നറിയപ്പെടുന്ന കോട്ടയം പുഷ്പനാഥ് അന്തരിക്കുമ്പോള്‍ ഇല്ലാതാകുന്നത് അപസര്‍പ്പക കഥകളിലെ വന്‍ വൃക്ഷം.മലയാളിയെ ഡിറ്റക്ടീവ് കഥകളുടെ ത്രസിപ്പിക്കുന്ന അന്വേഷണ വഴികളിലൂടെ സഞ്ചരിപ്പിച്ച് വായനയുടെ പുതിയ ആസ്വാദനം തീര്‍ത്തവയാണ് കോട്ടയം പുഷ്പനാഥിന്റെ രചനകള്‍.മുട്ടത്തു വര്‍ക്കി,കാനം,ചെമ്പില്‍ ജോണ്‍ തുടങ്ങിയ ജനകീയ നോവലിസ്റ്റുകളോടൊപ്പം കടന്നു വന്ന പുഷ്പനാഥ് പക്ഷേ ,കുറ്റാന്വേഷണ പാതയാണ് തെരഞ്ഞെടുത്തത്.അതിലദ്ദേഹം വിജയിച്ചുവെന്നു മാത്രമല്ല ശക്തനായ മറ്റൊരു പിന്‍തുടര്‍ച്ചക്കാരനല്ലാത്തവിധം ഈ ശാഖയില്‍ ഒറ്റയാനാവുകയുമായിരുന്നു.നീലകണ്ഠന് പരമാര,ദുര്‍ഗാപ്രസാദ് ഖത്രി തുടങ്ങിയവര്‍ ഈ പരമ്പരയിലുണ്ടായിരുന്നുവെങ്കിലും വസ്തുതകളും നിരീക്ഷണവും അടങ്ങിയ ആധികാരികത കോട്ടയം പുഷ്പനാഥിനോളം ഇവര്‍ക്ക് അവകാശപ്പെടാനാവുമായിരുന്നില്ല.
ചരിത്രാധ്യാപകനായി ജോലിനോക്കി വരവെ നോവലിസ്റ്റായി മാറിയ പുഷ്പനാഥ് 300 നോവലുകള്‍ രചിച്ചിട്ടുണ്ട്.പാരലല്‍ റോഡ്,ലണ്ടന്‍കൊട്ടാരത്തിലെ രഹസ്യങ്ങള്‍,ഗന്ധര്‍വയാമം,മന്ത്രമോഹിനി,കര്‍ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ,ഹിറ്റ്ലറുടെ തലയോട് തുടങ്ങിയ വായനക്കാരെ പിടിച്ചു നിര്‍ത്തിയ കൃതികള്‍ അനേകമാണ്.ചില കൃതികള്‍ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ചില സൃഷ്ടികള്‍ മലയാളത്തില്‍ സിനിമയായിട്ടുണ്ട്.ഇതിലേറേയും അപസര്‍പ്പക കൃതികളാണ്.ചരിത്രത്തില്‍ അഗാധ അറിവും അന്വേഷണവും പുഷ്പനാഥിനുണ്ടായിരുന്നുവെന്ന് ആ നോവലുകള്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടും.ഡിറ്റക്ടീവ് മാര്ക്സിന്,പുഷ്പരാജ് തുടങ്ങിയ അന്വേഷക കഥാപാത്രങ്ങള്‍ പഴയ വായനക്കാരില്‍ ഇന്നും ജീവനോടെയുണ്ട്. ഒരു പക്ഷേ ഈ കഥാപാത്രങ്ങള്‍ അന്ന് എഴുത്തുകാരനായ പുഷ്പനാഥിനോളം തന്നെ പ്രശസ്തരായിരുന്നു.വിദേശ-സ്വദേശ സ്ഥല കാലങ്ങള്‍ സസൂക്ഷ്മം പഠിച്ചുകൊണ്ടായിരുന്നു പുഷ്പനാഥ് തന്റെ കുറ്റാന്വേഷണ പ്രമേയങ്ങള്‍ക്കു പരിസരം ഒരുക്കിയിരുന്നത്.കാര്‍ത്യാപ്യന്‍ മലനിരകളും റൊമാനിയന്‍ നിഗൂഢ കോട്ടകളും മലയാളി വായനക്കാരില്‍ ആദ്യാറിവായിത്തീര്‍ന്നത് കോട്ടയം പുഷ്പനാഥിലൂടെയായിരിക്കണം അന്നത്തെ ശാസ്ത്രീയാന്വേഷണങ്ങളുടെ എല്ലാവിധ സാധ്യതകളേയും അറിഞ്ഞുകൊണ്ടും അവസാനംവരെ ജിജ്ഞാസയുടെ കുന്തമുനയില്‍ നിര്‍ത്തിയുമാണ് പുഷ്പനാഥ് തന്റെ രചന നടത്തിയിരുന്നത്.കുറ്റാന്വേഷകര്‍ക്ക് അവരുടെയായ രീതിയില്‍ ചില മാനറിസങ്ങള്‍ പുഷ്പനാഥ് നല്‍കിയിരുന്നു.മാര്‍ക്സിന്റെ ഹാഫ് എ കൊറോണ അന്ന് ഇന്നത്തെ സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായിരുന്നു. ഹാഫ് എ കൊറോണ പുകച്ചുകൊണ്ടുള്ള ഡിറ്റക്ടീവ് മാര്‍ക്സിന്റെ ചിന്തകള്‍ വായനക്കാരേയും വിചാരങ്ങളുടെ ലഹരി പിടിപ്പിച്ചിരുന്നു.വീട്ടമ്മമാരെപ്പോലും ആകര്‍ഷിക്കുംവിധമായിരുന്നു പുഷ്പനാഥിന്റെ രചന.
70,80 കാലം കോട്ടയം പുഷ്പനാഥിന്റേതുകൂടിയായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും അന്ന് പുഷ്പനാഥ് എഴുതിയിരുന്നു.ഒരേ സമയം മൂന്നുംനാലും നോവലുകള്‍ വരെ അദ്ദേഹം എഴുതിയിട്ടുണ്ട്.പല വാരികകളേയും അന്നു സര്‍ക്കുലേന്‍ കുറയാതെ പിടിച്ചു നിര്‍ത്തിയത് പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളാണ്.
പുഷ്പനാഥിന് മരിക്കുമ്പോള്‍ 80 വയസായിരുന്നു.വായനയെ സംഭ്രജനകവും ഭയാനകവുമായ അന്വേഷണങ്ങളിലേക്കു നയിക്കുന്ന ഉഷ്ണരക്ത പ്രവാഹമായൊരു അപസര്‍പ്പക കാലം ഹാഫ് എ കൊറോണ പുകഞ്ഞ് ഇപ്പോള്‍ ഓര്‍മയിലേക്കു ചായുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: