കേംബ്രിജ് അനലിറ്റിക്കയും കോണ്‍ഗ്രസ്സും തമ്മിലുള്ള കൂട്ടുകെട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സിയായ അനലിറ്റിക്ക തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും ആശാന്‍മാരാണ്. പൊതുതെരഞ്ഞെടുപ്പുകള്‍, രാഷ്‌ട്രീയ പ്രാധാന്യമുള്ള പൊതുജന ഹിതപരിശോധനകള്‍ എന്നിവയാണ് അവര്‍ക്കിഷ്ടം. ഇന്ത്യയില്‍ ഈ ഭയങ്കരന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്തിയത് അടുത്തകാലത്താണെന്നു മാത്രം.
ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ സമൂഹ ജീവിതം ആകെ മാറി. ഇന്നു നാം ഒരു വിവരാധിഷ്ടിത സമൂഹത്തിലാണ്. ഇന്റര്‍നെറ്റ് തുറന്നുതന്ന സാധ്യതകള്‍ അനന്തവുമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് യാഥാസ്ഥിതിക മാധ്യമങ്ങളെക്കാള്‍ വളര്‍ന്നു കഴിഞ്ഞു. പക്ഷേ, നാം കൈയില്‍കൊണ്ടുനടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഇന്ന് ഒരു മാരകായുധമായി മാറിക്കഴിഞ്ഞു. സ്വകാര്യത എന്നു നാം അവകാശപ്പെടുന്ന വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നു. നാം നഗ്‌നരാക്കപ്പെട്ടിരിക്കുന്നു. കേംബ്രിജ് അനലിറ്റിക്കപോലെയുള്ള സ്ഥാപനങ്ങള്‍ നമ്മുടെ നഗ്‌നത വിറ്റ് കാശുണ്ടാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അതു വോട്ടാക്കിമാറ്റാന്‍ ശ്രമിക്കുന്നു.
നിഗല്‍ ഓക്‌സ് ഒരു ടെലിവിഷന്‍ പരസ്യ നിര്‍മ്മാതാവ് ആയിരുന്നു. മനുഷ്യരുടെ സ്വഭാവവൈരുദ്ധ്യങ്ങള്‍ പഠിക്കാനും അതിനെ മനശ്ശാസ്ത്രപഠനങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പരസ്യപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാനുമായി 1990-ല്‍ ലണ്ടന്‍ആസ്ഥാനമായി ബിഹേവിയറല്‍ ഡൈനാമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം തുടങ്ങി. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക എന്ന ലക്ഷ്യത്തോടെ 1993-ല്‍ ഈ സ്ഥാപനത്തിന്റെ പേര് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ്(എസ്‌സിഎല്‍) എന്നു പുനര്‍നാമകരണം ചെയ്തു. മനുഷ്യ സ്വഭാവശാസ്ത്രം, സൈക്കോളജി, നരവംശശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുള്ളവരെ കണ്ടുപിടിച്ച് ഒരു വലിയ ഗവേഷണസംഘം തന്നെ ഉണ്ടാക്കി. തങ്ങളുടെ അന്താരാഷ്‌ട്ര ഇടപാടുകാരെ സഹായിക്കാന്‍ അതാതുരാജ്യങ്ങളില്‍ നിന്നും പ്രമുഖ പത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകരെയും കണ്ടുപിടിച്ചു.
തദ്ദേശ പത്രപ്രവര്‍ത്തകര്‍ക്ക് രണ്ടു തരത്തിലുള്ള ജോലി ആണ് ചെയ്യേണ്ടത്. 1. പ്രാദേശിക വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക. 2. ഗവേഷകര്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ വളച്ചൊടിച്ച് തിരിച്ചു തരുന്നവാര്‍ത്തകള്‍ പ്രാദേശികമായി പ്രചരിപ്പിക്കുക. ഭാരതത്തില്‍ നിന്നുതന്നെ 62-ഓളം മാധ്യമപ്രവര്‍ത്തകര്‍ ഇവരില്‍ നിന്നു സ്ഥിരമായി പ്രതിഫലം പറ്റുന്നു എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ്സിനെ സഹായിക്കാനായി ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദില്‍ കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പത്തോളം പ്രാദേശിക ഓഫീസുകളും. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് ലക്ഷ്യം. ഒരു ദേശത്തിന്റെ സംസ്‌കാരം, ചരിത്രം, മതം തിരിച്ചുള്ള ജനസംഖ്യ, ജാതി തിരിച്ചുള്ള കണക്കുകള്‍, പ്രധാന ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിദ്യാഭാസം, പ്രധാന തൊഴിലുകള്‍, സ്ത്രീ-പുരുഷ അനുപാതം അങ്ങനെ നീണ്ടുപോകുന്നു ആ കണക്കുകള്‍.
ഇക്കഴിഞ്ഞ ദിവസം ഒരു പത്രവാര്‍ത്ത വന്നിരുന്നു. കര്‍ണാടക സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഓരോ പഞ്ചായത്തിലേയും മത-ജാതി വിവര കണക്കുകള്‍ ശേഖരിച്ചുവെന്ന്. ഇവരുടെ കൈകള്‍ കര്‍ണാടക തെരഞ്ഞടുപ്പില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ വാര്‍ത്ത. കര്‍ണാടകത്തിന്റെ ജനസംഖ്യയില്‍ ഏകദേശം 17 ശതമാനം വരുന്ന ലിംഗായത്തുകളെ പുതിയ പിന്നോക്ക മതമായി പരിഗണിക്കാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ തീരുമാനിച്ചതും ഒരുപക്ഷെ ഇവരുടെ ഉപദേശപ്രകാരം ആയിരിക്കാം.
ജാതിമത വ്യത്യാസങ്ങള്‍ അനുസരിച്ച് ഓരോ പ്രദേശത്തിനും വ്യത്യസ്ഥമായ അടവുകള്‍ ആയിരിക്കും നിര്‍ദ്ദേശിക്കുക. ന്യൂനപക്ഷസമുദായങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതോ ആയ വാര്‍ത്തകള്‍ വഴി ജനങ്ങളെ ഭയചകിതരാക്കും. എതിര്‍പക്ഷ പാര്‍ട്ടികളിലുള്ള ജനസമ്മതരായ നേതാക്കളെ കരിവാരിത്തേക്കാന്‍ വ്യക്തിഹത്യക്കു ശ്രമിക്കും. സാമ്പത്തിക ഇടപാടുകളില്‍ താത്പര്യമുള്ളവരെ വഴിതെറ്റിക്കാന്‍ എതിര്‍ പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളില്‍ പോരായ്‌മയുണ്ടെന്നു തെറ്റായ പ്രചാരണം നടത്തും. ഒരുകാര്യം മനസ്സിലാക്കുക നമ്മളിലേക്ക് എത്തുന്ന വ്യക്തിനിഷ്ടമായ സന്ദേശങ്ങളുടെ വേരന്വേഷിച്ചുപോയാല്‍ ഒരുപക്ഷെ എത്തിച്ചേരുന്നത് നാം അടുത്തസമയത്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഏതെങ്കിലും വേവലാതികളിലേക്കായിരിക്കും. ശ്രദ്ധിച്ചിരിക്കുക. നിങ്ങളുടെ മനോവ്യാപാരങ്ങള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസ്സും അവരുടെ ഇടനിലക്കാരും നിങ്ങളുടെ പിന്നാമ്പുറത്തു കാത്തുനില്‍പ്പുണ്ട്.
ഇവര്‍ എന്നും നിലകൊണ്ടിട്ടുള്ളത് കനത്ത പ്രതിഫലം നല്‍കാന്‍ കരുത്തുള്ള ശിഥിലശക്തികളോടൊപ്പമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു മഹാപ്രസ്ഥാനം നവ-കൊളോണിയല്‍ പ്രഭുക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചെങ്കില്‍ അതു ഭാരതത്തിലെ പൗരന്മാരുടെ ദൗര്‍ഭാഗ്യം അല്ലാതെ മറ്റെന്താണ്?
















