തമിഴ്നാട്ടുകാരനായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതം ‘പാഡ്മാന്’ എന്ന സിനിമയായി മാറിയ പോലെ മറ്റൊരു കഥയ്ക്കുള്ള സാധ്യതയുണ്ട് ഈ പെണ്‍കൂട്ടത്തിനും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി കേരളത്തില്‍ ആരംഭിച്ച ‘കംഫര്‍ട്ട് ആന്‍ഡ് ഹൈജീന്‍’ എന്ന സാനിട്ടറി നാപ്കിന് യൂണിറ്റ് പതിനാലു വര്‍ഷം പിന്നിടുകയാണ്. കോട്ടയം ഏറ്റുമാനൂര്‍ പള്ളിക്ക് സമീപത്തായാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ കഠിനാദ്ധ്വനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴികള്‍ കാണാം. ഇപ്പോള്‍ വന്‍കിട ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഓണ്‍ലൈന്‍ വിപണിയിലേക്കും കടന്നിരിക്കുകയാണ് ഈ സംരംഭം.
പരിസ്ഥിതിയെ കൂട്ടുപിടിച്ച് തുടങ്ങി
കൃത്രിമ രാസവസ്തുക്കളും പ്ലാസ്റ്റിക്കും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ നാപ്കിന് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഈ സംരംഭം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ചത്. വന്‍കിട ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി കോട്ടണ്‍ തുണിയില്‍ നാപ്കിനുകള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. 2004 ല്‍ ജില്ലാ കുടുംബശ്രീ മിഷനാണ് ഏറ്റുമാനൂരില്‍ യൂണിറ്റ് ആരംഭിച്ചത്. 2002 ല്‍ കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്ററായ ടോണി മൈക്കിള്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത ലിസി മാര്ട്ടിന് എന്ന വീട്ടമ്മയാണ് പുതിയൊരു ആശയം പങ്കുവെച്ചത്. പെട്ടെന്ന് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലും കാര്യം ഗൗരവമാണെന്നു മനസിലായപ്പോള്‍ ശാസ്ത്രീയമായി പഠിക്കാന്‍ തന്നെ തീരുമാനിച്ചു. സംസ്ഥാന കുടുംബശ്രീ മിഷന്റെ പൂര്‍ണ പിന്തുണകൂടിയായപ്പോള്‍ രണ്ടു വര്‍ഷം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമായി. ആശയം അവതരിപ്പിച്ച ലിസി മാര്ട്ടിന് തന്നെ വര്‍ക്കിങ് യൂണിറ്റിന്റെ ചുമതല നല്കി. ആദ്യഘട്ടത്തില്‍ കുടുംബശ്രീകളില്‍ നിന്ന് തിരഞ്ഞെടുത്ത 9 വനിതകളെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. തമിഴ്നാട് കേന്ദ്രമായുള്ള വ്യവസായ യൂണിറ്റില്‍ നിന്ന് ഇവര്‍ക്ക് ശാസ്ത്രീയ പരിശീലനവും നല്കി. നാപ്കിനുകള്‍ നിര്‍മിക്കാനുള്ള മെഷീനുകള്‍ വാങ്ങുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത് മെഷീനുകള്‍ വാങ്ങി ഏറ്റുമാനൂരിനടുത്തുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മ്മാണമെങ്കിലും ആവശ്യക്കാര്‍ക്ക് യൂണിറ്റില്‍ നിന്ന് നേരിട്ടും വാങ്ങാം. ‘ഫിയോന’ എന്ന പേരില്‍ കുടുംബശ്രീ വിപണന മേളകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയിലൂടെയാണ് വില്പന നടത്തുന്നത്. കുടുംബശ്രീ സ്വയംതൊഴില്‍ സംഘങ്ങള്‍ വഴിയാണ് ഉല്പന്നങ്ങളുടെ പ്രചരണം. മറ്റ് ജില്ലകളിലും യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ കേന്ദ്രമാക്കി ഒരു കണ്‍സോര്‍ഷ്യത്തിന് കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുടുംബശ്രീ മിഷനാണ് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്.
ഓണ്‍ലൈന്‍ വില്‍പ്പനയിലേക്കും
മുഖ്യധാരാ ബ്രാന്‍ഡുകളെ പോലെ ഓണ്‍ലൈനായും ഉല്പന്നങ്ങള് ലഭ്യമാക്കുന്ന പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചതോടെ സംരംഭക ചരിത്രത്തില്‍ ഉറച്ച ഒരു ചുവടുവെയ്പ്പു തന്നെ പെണ്‍കൂട്ടം നടത്തി. ഇതുവരെയുള്ള ബിസിനസില്‍ നഷ്ടങ്ങളൊന്നുമില്ല, ബാധ്യതകളുമില്ല. പരീക്ഷണാര്‍ത്ഥം ആരംഭിച്ച ഓണ്‍ലൈന്‍ വില്പനയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് സംരംഭകര്‍ പറയുന്നു. ന്യായമായ വിലയും ഗുണനിലവാരവും കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സഹായിച്ചു. നാപ്കിന്റെ കുറഞ്ഞ വില 34 രൂപ. കൂടിയ വില 40 രൂപ. സൗറൗായമവെൃലലയമ്വമമൃ.രീാ എന്ന വെബ്സൈറ്റ് മുഖേന നാപ്കിന് ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും.
പുതിയ പ്രതീക്ഷകള്‍
കോട്ടയം ജില്ലയിലെ ഗവ. സ്കൂളുകളിലേക്ക് സൗജന്യമായി സാനിട്ടറി നാപ്കിനുകള്‍ നല്‍കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയ്ക്ക് മുഖ്യ പങ്കാളിയാകുന്നത് ‘കംഫര്‍ട്ട് ആന്‍ഡ് ഹൈജീനാ’ണ്. പഞ്ചായത്തിന്റെ പ്രത്യേക പദ്ധതി രണ്ടു മാസത്തിനുള്ളില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് ഇവര്‍. വാടകക്കെട്ടിടത്തില്‍ നിന്ന് സ്വന്തമായൊരു കെട്ടിടത്തിലേക്ക് മാറുകയാണ് വനിതാ സംരംഭകരുടെ ഇനിയുള്ള സ്വപ്നം. പുതിയ പദ്ധതികള്‍ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: