ഇന്ത്യയുടെ ഭരണരംഗത്തെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും, കഴിഞ്ഞ ദിവസത്തെ വാക്കുകളിലൂടെ വിരല്‍ ചൂണ്ടിയത്, സമൂഹമെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഉത്തരവാദിത്തത്തിലേയ്ക്കാണ്. നിലവിലെ സാഹചര്യത്തില്‍ അത് ഏറെ പ്രസക്തമാണു താനും. രാഷ്ട്ര മനസ്സാക്ഷിയെ വേദനിപ്പിച്ചുകൊണ്ട് കശ്മീരില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് അസ്വസ്ഥത പടര്‍ത്തുകയും അക്രമങ്ങള്‍ക്കു വഴിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങള്‍ പ്രസംഗരൂപത്തില്‍ വന്നത്.
ഓരോ ജീവന്റെയും നഷ്ടം രാജ്യത്തിനും സമൂഹത്തിനും വേദനാജനകം തെന്നയാണ്. ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം വൈകി. ഇരകള്‍ക്കു നീതി കിട്ടണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടണം. അതിലൊന്നും തര്‍ക്കത്തിനു സ്ഥാനമില്ല. കുട്ടികളുടെ ചിരിക്കുന്ന മുഖമാണു ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയെന്നും അവരെ സംരക്ഷിക്കുമ്പോഴാണു നാം സമൂഹമെന്ന നിലയില്‍ ഉന്നതിയിലെത്തുന്നത് എന്നുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മുവില്‍ പറഞ്ഞത്. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടു പിന്നിട്ടിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുന്നതു നിര്‍ഭാഗ്യകരമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇപ്പറഞ്ഞ രണ്ടു വിഭാഗവും എന്നും സംരക്ഷിക്കപ്പെടണമെന്ന്് പഠിപ്പിക്കുന്ന ഭാരതീയ സംസ്കാരം ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സില്‍ നിന്നു മാഞ്ഞു പോകാതെ കാക്കേണ്ട ചുമതല ഭരിക്കുന്നവര്‍ മാത്രമല്ല നയിക്കുന്നവരെല്ലാം ഏറ്റെടുക്കണം.
ക്രിമിനല്‍ വാസനയുള്ളവര്‍ ഏതു സമൂഹത്തിനും ശാപമായി എന്നും ഉണ്ടാവുമെന്നതു വാസ്തവം തന്നെ. ആ വാസനയെ നിയമംകൊണ്ടു നിയന്ത്രിക്കുമ്പോഴാണ് ആരോഗ്യപൂര്‍ണ്ണവും സമാധാനപരവുമായ സാമൂഹ്യ ജീവിതം സാധ്യമാവുക. അതിനു നിയമവ്യവസ്ഥ ശക്തമാവുകയേ മാര്‍ഗ്ഗമുള്ളു.
തെറ്റിനെ തെറ്റായി കാണാനും അതിന് ആ രീതിയില്‍ പരിഹാരം കാണാനും കഴിയുമ്പോഴാണു സമൂഹം പക്വതയാര്‍ജ്ജിക്കുന്നത്. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രധാന ഉപകരണം സമചിത്തതയാണ്. ശാന്തമായും വിവേചനബുദ്ധിയോടു കൂടിയും സമീപിക്കുമ്പോഴേ പരിഹാരത്തിലേക്ക് വഴിതുറക്കപ്പെടുകയുള്ളു. വൈകാരിക സമീപനം എടുത്തുചാട്ടത്തിലേക്കും അവിവേകത്തിലേക്കും നയിക്കും. അതാണ് ഈയിടെ കേരളത്തിലടക്കം കണ്ടതും.
സമൂഹം വികാരത്തിന് അടിപ്പെടുന്നതു സ്വാഭാവികം. അവരെ നയിക്കുന്നവര്‍ക്ക് അതു നിയന്ത്രിക്കാനുള്ള ചുമതലയുണ്ട്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പാര്‍ട്ടിയേതായാലും സംഘടനയേതായാലും അണികളുടെ വികാരം മനസ്സിലാക്കാനും അവരെ നിയന്ത്രിച്ചു നേര്‍വഴിക്കു നയിക്കാനും നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു കഴിയുന്നവനാണ് യഥാര്‍ത്ഥ നേതാവ്. നേതാക്കള്‍ ഉരുത്തിരിയുന്നത് സങ്കീര്‍ണ ഘട്ടങ്ങളിലൂടെ സമൂഹത്തെ നയിക്കുമ്പോഴാണു താനും. ആ പക്വതയും വിവേചനബുദ്ധിയും ഇന്ത്യയിലെ നേതാക്കളില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്ന സമയമാണിത്. അത്തരം സാഹചര്യങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന അനീതിയായി പരിണമിക്കും.
തന്നെ എത്ര വേണമെങ്കിലും ആക്രമിച്ചുകൊള്ളാനും അതേസമയം ജനങ്ങളെ വെറുതെ വിടാനും അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുതന്നെയാണു സൂചിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്കെതിരെ അവിടെയടക്കം നടക്കുന്ന പ്രചാരണങ്ങളെ പരോക്ഷമായി അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകാം. മനസ്സിനു സമനില തെറ്റിയ സാമൂഹ്യവിരുദ്ധരുടേയും വികാരജീവികളുടേയും നിലവിലെ പ്രവര്‍ത്തികള്‍ സമൂഹത്തെ ഒട്ടാകെ ഇളക്കിമറിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഉണ്ടായാല്‍ അതു രാജ്യത്തെ ഒന്നടങ്കം അപകടത്തിലേക്കു നയിച്ചേക്കാം. അത് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം ഭരിക്കുന്നവര്‍ക്കു മാത്രമല്ല നയിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ഓരോ പൗരനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: