പതിനൊന്നു മണിയോടെ ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കല് തെരുവില്‍ കുറച്ച് സാധനം വാങ്ങാന്‍ ഇറങ്ങിയതാണ്. സാധാരണ ദിവസങ്ങളില്‍ നല്ല തിരക്കുണ്ടാവാറുള്ള തെരുവില്‍ മിക്ക കടകളും അടഞ്ഞുകിടക്കുന്നു. ബാക്കിയുള്ള കടക്കാര് ധൃതിയില്‍ ഷട്ടറുകള്‍ ഇടുന്നു. കാര്യം അറിയാന്‍ ഷട്ടര്‍ ഇട്ടുകൊണ്ടിരുന്ന ഒരാളോട് ചോദിച്ചു. ആരോ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്രേ. ആരാണെന്ന് ആര്‍ക്കും അറിയില്ല. അങ്ങനെ അവിടെ നില്ക്കുമ്പോള് ഒരു ജാഥ വരുന്നു. മുപ്പതോളം പേരുണ്ട്. മുഖം പാതി ടവല്‍ കെട്ടി മറച്ചിട്ടുണ്ട് എല്ലാവരും. കൈയില്‍ ആസിഫയുടെ ചിത്രം പതിച്ച മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍. അവര്‍ പോണവഴിയില്‍ തുറന്നിട്ട കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. മുന്നിലും പിന്നിലും പോലീസുമുണ്ട്. കടകള്‍ എല്ലാം അടയ്ക്കുന്നു. അധികം വൈകാതെ നഗരത്തിലെ സ്വകാര്യബസുകളും ഓട്ടം നിര്‍ത്തുന്നു.
ഇന്ന് കണ്മുന്നില് ഞാന്‍ കണ്ട കാഴ്ചകളാണിത്.
പിന്നീട്, കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഇതിലും തീവ്രമായ വാര്‍ത്തകള്‍ വരുന്നു.
ആരാണിവര്‍? ആര്‍ക്കും അറിയില്ല. ആരൊക്കെയോ എവിടെനിന്നൊക്കെയോ
വന്ന് എന്തൊക്കെയോ ചെയ്യുന്നു. പരസ്യമായി ഒരു നേതാവോ സംഘടനയോ ഇല്ല. പരസ്യമായി ഒരു ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിട്ടില്ല. വെറും ഏതാനും മണിക്കൂര്‍ കൊണ്ട് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കേരളം പോലൊരു സംസ്ഥാനത്തിന്റെ വലിയൊരു ഭാഗവും അവര്‍ക്ക് സ്തംഭിപ്പിക്കാനായി. എന്തൊരു ഭീതിജനകമായ അവസ്ഥയാണിത്!
ഇന്നുണ്ടായ സംഭവങ്ങള്‍ക്ക് ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നത് പിന്നീട് വന്ന വാര്‍ത്തകളില്‍ നിന്നു വ്യക്തമാണ്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഏതു നിമിഷവും സജീവമായി പ്രവര്‍ത്തിക്കാന്‍ സജ്ജരായി നില്ക്കുന്ന തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ എത്രത്തോളം ഈ കേരള സമൂഹത്തില്‍, നമുക്കിടയില്‍ സജീവമായി നില്ക്കുന്നു എന്നതിന്റെ ഒരു ഞെട്ടിപ്പിക്കുന്നൊരു തെളിവ് ആണ് ഇന്നീ നാട് കണ്ടത്. ഉള്ളില്‍ തിളയ്ക്കുന്നൊരു അഗ്നിപര്‍വ്വതത്തിന്റെ പുറത്തുവരുന്ന പുക മാത്രമാണിത്.
ഇവിടെ ഇസ്ലാം മതത്തിന്റെ പേരിലുള്ള തീവ്രവാദം അനിയന്ത്രിതമായി ശക്തിപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സന്ദര്‍ഭങ്ങളിലായി ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലും സിറിയയിലുമൊക്കെ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നമ്മുടെ ചെറുപ്പക്കാര്‍ മരിച്ചുവീഴുന്ന വാര്‍ത്തകള്‍ നമുക്ക് പുതുമയല്ലാതായി മാറിയിരിക്കുന്നു!
ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എങ്ങനെ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയധികം വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശക്ത്മായ രാഷ്ട്രീയ പിന്തുണ ഇല്ലാതെ അത് അസാധ്യമായൊരു കാര്യം ആണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇവര്‍ക്ക് തെളിഞ്ഞും മറഞ്ഞും സഹായം ചെയ്തിട്ടുണ്ട്.
തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ വഹിക്കുന്ന പങ്കിനെക്കാള്‍ കാലികപ്രസക്തമായതാണ് കേരളത്തില്‍ ഇക്കഴിഞ്ഞ ഏതാനും വര്‍ഷമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സോഷ്യല്‍ മീഡിയ ‘ആക്റ്റിവിസ്റ്റുകള്‍’ വഹിക്കുന്ന പങ്ക്. തീവ്രവാദഗ്രൂപ്പുകള്‍ ഉഴുതുമറിച്ചിട്ട ഈ മണ്ണില്‍ ഇന്നു വിഷവിത്തുകള്‍ പാകാന്‍ അവരെ സഹായിക്കുന്നത് ഈ ആക്റ്റിവിസ്റ്റുകള്‍ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന നിരുത്തരവാദപരമായ ചെയ്തികളാണ്. ഇതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കത്ത്വാ വിഷയവുമായി ബന്ധപ്പെട്ട് കാണാന്‍ സാധിച്ചത്.
വളരെ സെന്സിറ്റിവ് ആയി കൈകാര്യം ചെയ്യെണ്ട ഒരു വിഷയത്തെ ഇക്കൂട്ടര്‍ തങ്ങളുടെ അന്ധമായ രാഷ്ട്രീയ വൈരം തീര്‍ക്കാനുള്ള ഒരു ആയുധമായി ഉപയോഗിച്ചു. സംഘപരിവാറിന്റെ മേല്‍ കെട്ടി വയ്ക്കാനുള്ള വ്യഗ്രതയില്‍ അവര്‍ നിരുത്തരവാദപരമായ രീതിയില്‍ കത്ത്വാ സംഭവത്തെ വര്ഗ്ഗീയവത്കരിക്കാന് ശ്രമിച്ചു.
‘അവള് വെറും പെണ്‍കുട്ടിയല്ല, മുസ്ലിം പെണ്‍കുട്ടിയാണ്. മുസ്ലിം ആയതുകൊണ്ടാണ് അവള് കൊല്ലപ്പെട്ടത്’ എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഈ ഒരു വിഷയത്തിന്റെ പേരില്‍ ഹിന്ദു ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും അവര്‍ ആക്ഷേപിച്ച അവര്‍ വേണ്ടിവന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വോട്ട് ചെയ്തവരെ വെടിവച്ചു കൊന്നിട്ടാണെങ്കിലും ‘നീതി’ നടപ്പാക്കണം എന്ന് പരസ്യമായി ആക്രോശിച്ചു.
ഇത്തരം അപക്വവും വീണ്ടുവിചാരം ഇല്ലാത്തതുമായ ജല്പനങ്ങള് സമാധാനകാംക്ഷിയായ ഒരു ഇസ്ലാം മതവിശ്വാസിയെ പോലും മതദ്വേഷചിന്തകളിലേക്ക് തള്ളിവിടും. പക്വതയാര്‍ന്ന ഇടപെടലുകളിലൂടെ സമൂഹത്തെ നേരായി നയിക്കേണ്ട ആദ്ധ്യാപകരെപ്പോലെയുള്ളവര്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറുമ്പോള്‍ അവരെ തിരുത്തേണ്ടതിനു പകരം വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുന്നു എന്നതു തന്നെ നമ്മുടെ സാമൂഹികബോധം എത്രത്തോളം അധപതിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
സംഘപരിവാറിനെ അപഹസിക്കുക എന്നത് ഏത് അല്പബുദ്ധിക്കും ബുദ്ധിജീവി ചമയാനുള്ള കുറുക്കുവഴിയായി മാറിയിരിക്കുന്നു. ഈയടുത്തിടെ ചര്‍ച്ചയായ ഒരു വിഷയത്തില്‍ സംഘപരിവാറിനെതിരേ പ്രതികരിക്കാന്‍ ഫേസ്ബുകിലൂടെ സമൂഹത്തോട് ആഹ്വാനം ചെയ്ത ഒരു സുഹൃത്തിനെ ഒരു കൗതുകത്തിന്റെ പുറത്ത് വിളിച്ച് കാര്യം അന്വേഷിച്ചു. ചോദിച്ചു വന്നപ്പോള്‍ വിഷയത്തിന്റെ അടിസ്ഥാന വിവരം പോലും കക്ഷിക്കില്ല. ഡാറ്റയോ ഫാക്റ്റ്സോ ഒന്നും തന്നെയില്ല. തര്‍ക്കിച്ചു നില്ക്കാന് നോക്കിയെങ്കിലും അവസാനം പരാജയം സമ്മതിച്ചു. ഒപ്പം ഒരു ഡയലോഗും ‘വെറുതെ ഒരു വഴക്കുണ്ടാകുന്നത് കാണാന്‍ നല്ല രസമല്ലേ’ന്ന്! ഇതാണ് ‘ആക്റ്റിവിസ്റ്റ്’ ചമയുന്ന ഒട്ടുമുക്കാല്‍ പങ്ക് ആളുകളുടെയും അവസ്ഥ.
ഇത്തരക്കാരുടെ വെളിവില്ലായ്മ മൂലം സമൂഹത്തില്‍ പടരുന്ന മതദ്വേഷം തക്കം പാര്‍ത്തിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് റിക്രൂട്മന്റ് പ്ലാറ്റ്ഫോമുകളായി മാറുന്നു എന്നതാണ് ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ‘ആക്റ്റിവിസ്റ്റു’കളുടെ പൊള്ളത്തരം തിരിച്ചറിയാനും അവരെ തിരുത്താനും എത്രത്തോളം അത്രത്തോളം അപകടം നമ്മള് ഈ സമൂഹത്തിലേക്ക് നമ്മള് വിളിച്ചുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: