പാട്ടഭൂമി സംബന്ധിച്ച് ഒരു കേസില്‍ക്കൂടി സര്‍ക്കാറിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ വിറ്റ ഭൂമിയും തിരിച്ചെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവുകളാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡും, ഇവരില്‍ നിന്ന് ഭൂമി വാങ്ങിയവരും നല്കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ ചുമതലപ്പെട്ടവരുടെ അലംഭാവമാണ് ഹാരിസണിന് അനുകൂലവിധി ഉണ്ടാക്കിയതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. റവന്യൂ ഭൂമി സംബന്ധിച്ച കേസുകളില്‍ സത്യസന്ധമായി കേസ് വാദിച്ചിരുന്ന അഭിഭാഷകയെ ദുരൂഹമായി മാറ്റി പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഭരണകക്ഷിയില്‍ നിന്നുതന്നെ ഇതിനെക്കുറിച്ച് സംശയം ഉയര്‍ന്നു. സംശയം അസ്ഥാനത്തല്ലെന്നാണ് ഏറ്റവും ഒടുവിലുണ്ടായ വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് ഹാരിസണ്‍ കേസിലെ പ്രതികൂലവിധിയെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. സുശീലാഭട്ടിന്റെ വാക്കുകള്‍ക്ക് അടിവരയിടേണ്ടതാണ്. ഹാരിസണിന്റേതടക്കം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിവച്ചിരിക്കുന്നത്. പാട്ടക്കരാറുകള്‍ തീര്‍ന്ന ഭൂമി പിടിച്ചെടുക്കണമെന്ന പൊതു ആവശ്യം ദശാബ്ദങ്ങളായി ഉയരുന്നുണ്ട്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ‘പിടിച്ചെടുക്കും’ എന്ന് ഉറപ്പുനല്‍കാറുമുണ്ട്. ഉറപ്പ് പാലിക്കാനെന്ന പേരില്‍ എഴുന്നള്ളിക്കപ്പെടുന്ന ഹര്‍ജികള്‍ക്ക് അംഗീകാരം വാങ്ങുന്നതിന് സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെടുകയാണ് പതിവ്.
കാലങ്ങളായി തുടരുന്ന ഈ അവസ്ഥ എല്ലാം ശരിയാക്കാന്‍ അധികാരമേറ്റ സര്‍ക്കാര്‍ മാറ്റുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതി മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. ഭൂരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ അനധികൃതമായി കൈവശം വയ്ക്കുന്ന വന്‍കിടക്കാരുടെ ഭൂമി ഏറ്റെടുക്കുമെന്ന ഭരണ നേതൃത്വങ്ങളുടെ വീമ്പടികള്‍ക്ക് കഴമ്പില്ലെന്നുകൂടിയാണ് ഈ വിധി വ്യക്തമാക്കിയിരിക്കുന്നത്. ഫലത്തില്‍ ഭൂമാഫിയകളുടെ ദല്ലാളന്മാരായി മുന്നണികള്‍ രണ്ടും മാറിയിട്ട് കാലങ്ങളായി. എന്നിട്ടും ഭൂപരിഷ്കരണത്തിന്റെ മേനി ഉരുവിട്ട് കാലം കഴിക്കുകയാണ്.
കോര്‍പറേറ്റുകള്‍ക്കെതിരെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ കൂവുന്നവര്‍ കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ അവരുടെ കാവല്‍ക്കാരായി മാറി. ഹാരിസണിന്റേയും അനുബന്ധ കമ്പനികളുടേയും കൈവശം 70,000 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 38,171 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. കൂടാതെ ആര്‍ബിടിയുടെ 6,800 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തിരുന്നു. ഹാരിസണ്‍ കൂടാതെ ഹോപ്സ് പ്ലാന്റേഷന്, കരുണ, പെരുവന്താനം, പാരിസണ്‍, പോബ്സണ്, ബ്രൈമൂര്‍ തുടങ്ങി നൂറോളം എസ്റ്റേറ്റുകള്‍ അനധികൃതമായി തോട്ടഭൂമി കൈവശം വച്ചിട്ടുണ്ട്. ഈ കേസുകളിലും തോട്ട ഉടമകള്‍ക്ക് ഹൈക്കോടതി വിധിയിലൂടെ ആഹ്ലാദം പകരുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഹാരിസണ്‍ തോട്ടഭൂമി വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബ്രിട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ തോട്ടഭൂമി സര്‍ക്കാരില്‍ നിഷ്പിതമാക്കുന്നതിനുവേണ്ടി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ടത്. സ്പെഷ്യല്‍ ഓഫീസര്‍ സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് ശുപാര്‍ശയും നല്കി. നിയമനിര്‍മ്മാണത്തിനായി കരട് തയ്യാറാക്കാന്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറി. എന്നാല്‍ കേരള ഭൂസംരക്ഷണ നടപടി പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിയമവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പല കേസുകളിലും തോട്ടം ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചത്.
ഹാരിസണ്‍ ഭൂമിയിടപാട് കേസിന്റെ വിധിയിലും നിയമവകുപ്പിന്റെ റിപ്പോര്‍ട്ടാണ് ഹാരിസണിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെതിരെ നിയമവകുപ്പ് നല്കിയ റിപ്പോര്‍ട്ട് ഹാരിസണ്‍ കേസിലും നിര്‍ണ്ണായകമായി. കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി, സ്പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശയെ സ്വാഗതം ചെയ്തതാണ്. പിന്നീടാണ് കേസ് ഡിവിഷന് ബെഞ്ചിലെത്തിയത്. അവിടെയാണ് സര്‍ക്കാരിന്റെ കള്ളക്കളി നടക്കുന്നത്. കുത്തകകള്‍ക്കായി തുടരെ തുടരെ തോറ്റുകൊടുക്കുന്നതിനേക്കാള് നല്ലത് കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതാണ്. ഇടതുഭരണത്തില്‍ അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: